സ്വകാര്യ ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ ഉപയോഗിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. അടിയന്തര ആവശ്യങ്ങൾക്കായി നീക്കിവെച്ചിട്ടുള്ള ഹെലികോപ്റ്ററിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മുഖ്യമന്ത്രി യാത്ര ചെയ്തതാണ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
ഭാര്യാപിതാവിനെ സന്ദർശിക്കാനാണ് ഈ യാത്രാസൗകര്യം പ്രയോജനപ്പെടുത്തിയതെന്നാണ് പ്രധാന ആരോപണം. എന്നാൽ, കൊച്ചിയിൽ ചില ഔദ്യോഗിക കൂടിക്കാഴ്ചകൾ നിശ്ചയിച്ചിരുന്നുവെന്നും അതിന്റെ ഭാഗമായാണ് യാത്രയെന്നുമാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട
വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിനിടയിൽ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കുക കൂടി ചെയ്തു.
രാവിലെ ഒൻപതരയോടെ കൊച്ചിയിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റർ പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരത്തേക്ക് തന്നെ തിരികെ ഇറക്കേണ്ടി വന്നിരുന്നു.
ഏകദേശം ഒന്നര മണിക്കൂർ ആകാശത്ത് വട്ടമിട്ട ശേഷമാണ് തിരികെ എത്തിയത്.
തുടർന്ന് ഉച്ചയ്ക്ക് 12:30-ഓടെ വീണ്ടും യാത്ര തിരിച്ച് ഉച്ചതിരിഞ്ഞ് 2 മണിയോടെ നെടുമ്പാശേരിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. പ്രതിമാസം 80 ലക്ഷം രൂപ വാടകയുള്ള ഈ ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ഈ മാസം അവസാനിക്കുകയാണ്.
മാസം തോറും 25 മണിക്കൂർ വരെയാണ് ഇതിന്റെ യാത്രാപരിധി നിശ്ചയിച്ചിട്ടുള്ളത്. പറന്നില്ലെങ്കിലും നിശ്ചിത വാടക നൽകേണ്ടതുണ്ട്.
എന്നാൽ 25 മണിക്കൂർ പരിധി കഴിഞ്ഞാൽ അധിക സമയത്തിന് പ്രത്യേക തുക നൽകണം. പ്രകൃതിദുരന്ത രക്ഷാപ്രവർത്തനം, മാവോയിസ്റ്റ് വേട്ട, വിഐപി യാത്രകൾ, ആരോഗ്യപരമായ അത്യാഹിതങ്ങൾ എന്നിവ മുൻനിർത്തി കരാർ പുതുക്കാൻ സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് ശുപാർശ നൽകിയിട്ടുണ്ട്.
എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്താണ് ഈ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. അതിനിടെ, മലബാറിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ പൊന്നാനിയിലെ വീട്ടിൽ ഉച്ചഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഉയർന്നിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് സി.ഹരിദാസിനെ സന്ദർശിക്കാനാണ് മുഖ്യമന്ത്രി പൊന്നാനിയിലെത്തിയത്. ഇതിനിടയിൽ സി.ഹരിദാസിന്റെ അയൽവാസിയും അടുത്ത സുഹൃത്തുമായ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവ് അഹമ്മദ് ബാഫഖി തങ്ങളുടെ വസതിയിൽ വെച്ച് ഉച്ചഭക്ഷണം കഴിക്കുകയുണ്ടായി.
സംസ്ഥാനം മഴക്കെടുതികളെ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ മുഖ്യമന്ത്രി സൽക്കാരത്തിൽ പങ്കെടുത്തു എന്ന് ചൂണ്ടിക്കാണിച്ചുള്ള ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ച് കെ.പി.നൗഷാദ് അലി എംഎൽഎ രംഗത്തെത്തി.
മഴക്കാലത്ത് മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ വിമർശകർ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം കാര്യങ്ങൾ രാഷ്ട്രീയ മുതലെടുപ്പിനായി പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം മലപ്പുറത്ത് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

