വടക്കാഞ്ചേരിയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിലുണ്ടായിരുന്ന പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി പിഴ ചുമത്തിയ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നടപടി വിവാദമാകുന്നു. രാത്രികാല പട്രോളിങ്ങിനായി ഉപയോഗിച്ചിരുന്ന പൊലീസ് ജീപ്പ് തടഞ്ഞുനിർത്തിയ തൃശൂർ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ നടപടിക്കെതിരെ പൊലീസ് കേസെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് മോട്ടർ വാഹന വകുപ്പ് എംവിഐ പി.വി.ബിജുവിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം വടക്കാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി.
ഇതിനു പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർ മോട്ടർ വാഹന വകുപ്പിന്റെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് വ്യക്തമാക്കുന്നത് ഇങ്ങനെ: ജീപ്പിന്റെ ഇൻഷുറൻസ് രേഖകൾ 2027 മാർച്ച് വരെ കാലാവധിയുള്ളതാണ്.
എന്നാൽ, ഇൻഷുറൻസ് ഇല്ലെന്ന് തെറ്റിദ്ധരിച്ചും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയുമാണ് എംവിഐ 4000 രൂപ പിഴ ചുമത്തിയത്. 2000 രൂപ വീതമാണ് ഓരോ കുറ്റത്തിനുമായി കണക്കാക്കിയത്.
നിയമനടപടികളിൽ നിന്നും അറസ്റ്റിൽ നിന്നും ഒഴിവാകുന്നതിനായി പി.വി.ബിജു ഒളിവിൽ പോവുകയും, തുടർന്ന് തൃശൂർ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, പിടിച്ചെടുത്ത മോട്ടർ വാഹന വകുപ്പിന്റെ വാഹനം പിന്നീട് ഉപാധികളോടെ വിട്ടയച്ചു.
കേസിന്റെ ആവശ്യങ്ങൾക്കായി വാഹനം കോടതിയിൽ ഹാജരാക്കിക്കൊള്ളാമെന്ന് എഎംവിഐ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

