ആലപ്പുഴ മെഡിക്കൽ കോളേജ് കോമ്പൗണ്ടുകളിൽ രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ ഭക്ഷണവിതരണം നടത്തുന്നത് അനുവദിക്കാനാവില്ലെന്ന മുതിർന്ന നേതാവ് ജി സുധാകരന്റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. സർക്കാർ ആശുപത്രികളിൽ ഭക്ഷണവും ചികിത്സയും ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും, അവിടെ പാർട്ടികളുടെ കൊടിനാട്ടി പ്രവർത്തനം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ജി സുധാകരന്റെ വാക്കുകൾ:
“കോമ്പൌണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡും വച്ച് കൊടിയും കെട്ടി ഇരിക്കുകയാണ്.
അന്നദാനം കൊടുക്കുകയാണ്. പിന്നെ ഗവണ്മെന്റിന്റെ ജോലി എന്താ? ഞങ്ങൾ ചോറ് കൊടുക്കുകയാണ്, കഞ്ഞി കൊടുക്കുകയാണ് എന്നാണ് പറയുന്നത്.
എന്നിട്ട് അവിടെ കൊടിയും കെട്ടും. ഇതെല്ലാം നീക്കം ചെയ്യണം.
ഒരു പാർട്ടിയെയും അവിടെ കയറ്റിക്കൂടാ. പാർട്ടിയിൽപ്പെട്ട
മനുഷ്യർക്ക് വരാം. അവിടെ പാർട്ടികൾ വരരുത്.
സംഘടനകൾ അവിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര്യമില്ല.
ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ അങ്ങനെ വേണ്ടെന്ന് തീരുമാനിച്ചതാ.
ആ തീരുമാനത്തിന് ശേഷവും ഏതോ ഒരു സംഘടന- സേവാഭാരതി ഷെഡും കെട്ടിയിരിക്കുകയാണ്. സൂപ്രണ്ടിനോട് വിളിച്ചു ചോദിച്ചു എന്താ കാണിക്കുന്നതെന്ന്.
ദൈവം തമ്പുരാൻ വിചാരിച്ചാൽ നന്നാവുമോ? ഇതൊക്കെ മാറ്റണം” എന്നാൽ, ഇതേ വിഷയത്തിൽ മുൻപ് അദ്ദേഹം സ്വീകരിച്ച നിലപാടാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 2020 മാർച്ചിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നടത്തിവന്ന ‘ഹൃദയപൂർവ്വം’ എന്ന ഭക്ഷണവിതരണ പദ്ധതിയെ പ്രകീർത്തിച്ച് ജി സുധാകരൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അന്നത്തെ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു:
“വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ” ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന “ഹൃദയപൂർവ്വം” എന്ന മനുഷ്യത്വപരമായ പദ്ധതി 1000 ദിവസം പിന്നിട്ടു.. ഈ മഹത്തായ പദ്ധതി നടത്തുന്ന ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാക്കമ്മറ്റിക്ക് ഹൃദയാഭിവാദ്യങ്ങൾ..നമ്മുടെ നാട്ടിൽ മഹാപ്രളയം ഉണ്ടായപ്പോൾ പോലും ഒരു ദിവസം പോലും ഭക്ഷണ വിതരണം മുടങ്ങിയിട്ടില്ല.
ഓരോ ദിവസവും ഓരോ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ദിവസവും 4000 ത്തിലധികം ഉച്ചഭക്ഷണപൊതികളാണ് ആശുപത്രിയിൽ എത്തിച്ച് നൽകുന്നത്. ഇതിനോടകം 40 ലക്ഷത്തിലധികം പൊതിച്ചോറുകളാണ് ആശുപത്രിയിൽ വിതരണം ചെയ്തിട്ടുള്ളത്.” മെഡിക്കൽ കോളേജുകളിൽ സാധാരണക്കാരായ രോഗികൾ നേരിടുന്ന ചികിത്സാ നിഷേധത്തെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ ആശങ്ക പങ്കുവെച്ചു.
“എന്താണ് ഈ മെഡിക്കൽ കോളേജുകളിൽ നടക്കുന്നത്? അവിടെ ചെല്ലുമ്പോൾ തന്നെ സാധാരണക്കാരായ ജീവനക്കാർ പറയും മരിക്കാനല്ലെങ്കിൽ ഇവിടെ നിന്നും കൊണ്ടുപോകാൻ,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റായ രീതികളെ ചോദ്യം ചെയ്യാനും നിയമങ്ങൾ തിരുത്തിയെഴുതാനും വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

