ചെങ്ങന്നൂർ കൊഴുവല്ലൂരിലെ തങ്കമ്മയുടെ വസതിക്ക് സമീപം സ്ഥാപിച്ച മഞ്ഞക്കുറ്റി, സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭത്തിന്റെ ചരിത്ര സ്മാരകമായി നിലകൊള്ളുന്നു. 2022 മാർച്ച് 14-ന് അധികൃതർ സ്ഥാപിച്ച ഈ അടയാളം അക്കാലത്തെ രാഷ്ട്രീയ വിവാദങ്ങളുടെയും ജനകീയ പ്രതിഷേധങ്ങളുടെയും നേർസാക്ഷ്യമാണ്.
കോൺഗ്രസ് പ്രവർത്തകർ ഈ കുറ്റി പിഴുതെറിഞ്ഞതും, തുടർന്ന് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ അത് പുനഃസ്ഥാപിച്ചതും വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. സർക്കാർ വാഗ്ദാനം ചെയ്ത പുനരധിവാസം ലഭിക്കാത്ത സാഹചര്യത്തിൽ, കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുൻകൈയെടുത്താണ് തങ്കമ്മയ്ക്കായി പുതിയ ഭവനം നിർമിച്ചത്.
7.75 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. സമരകാലത്ത് മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞ സ്ഥലങ്ങളിൽ കൃഷി ചെയ്ത വാഴകൾ വിളവെടുത്ത് ലഭിച്ച തുക ഇതിനായി പ്രയോജനപ്പെടുത്തി.
പദ്ധതിയുടെ അവശേഷിപ്പായി തങ്കമ്മയുടെ പഴയ ഒറ്റമുറിക്കൂര ഇന്നും അവിടെയുണ്ട്. “സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച വാർത്തയിൽ താൻ അതീവ സന്തോഷവതിയാണെന്നും, പൂർവികർ താമസിച്ച മൂന്നര സെന്റ് ഭൂമി നഷ്ടപ്പെടില്ലെന്ന ആശ്വാസമുണ്ടെന്നും” തങ്കമ്മ പ്രതികരിച്ചു.
പദ്ധതി റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ മുളക്കുഴ ജംക്ഷനിൽ ഒത്തുചേർന്ന സമരസമിതി പ്രവർത്തകർ പഴയകാല സമര അനുഭവങ്ങൾ പങ്കുവെച്ചു.
2022 മാർച്ച് നാലിന് ഊരിക്കടവ് പാലത്തിനു സമീപം ആദ്യ കുറ്റി സ്ഥാപിച്ചതോടെയാണ് പ്രദേശത്ത് സംഘർഷാന്തരീക്ഷം രൂപപ്പെട്ടത്. ഭൂവുടമകൾക്കെതിരായ പൊലീസ് നടപടികൾ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.
ശാന്തമ്മ സ്റ്റീഫൻ, എ. ബിമൽജി, റെജി തോസ്, ഷീജ തുടങ്ങിയവർ അന്ന് നേരിട്ട
ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ ഈ ഒത്തുചേരലിൽ ഓർത്തെടുത്തു. പിഴുതെടുത്ത മഞ്ഞക്കുറ്റികളിൽ ഒന്നുയർത്തിക്കാട്ടി ‘കെ റെയിൽ വരില്ല കേട്ടോ’ എന്ന മുദ്രാവാക്യത്തോടെയാണ് സമരക്കാർ ആഹ്ലാദം പങ്കുവെച്ചത്.
കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് ചടങ്ങിൽ പങ്കെടുത്തു. ചെങ്ങന്നൂർ, നൂറനാട് മേഖലകൾ സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രങ്ങളായിരുന്നു.
പടനിലം ക്ഷേത്രോത്സവങ്ങളെയും ജനജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന അലൈൻമെന്റിനെതിരെ ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരങ്ങളും ഒപ്പുശേഖരണങ്ങളും സമരവീര്യം വർധിപ്പിച്ചു.
ജില്ലയിൽ 42.0884 ഹെക്ടർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. സമരവുമായി ബന്ധപ്പെട്ട് ജില്ലയിൽ 41 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതിൽ 33 എണ്ണം പിഴയടച്ച് തീർപ്പാക്കി.
നിലവിൽ 8 കേസുകൾ കൂടി കോടതിയുടെ പരിഗണനയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

