ആലപ്പുഴ ജില്ലയിലെ പുന്നമട കായൽ വീണ്ടും ആവേശത്തിൻ്റെ അലകൾ തീർക്കാൻ തയ്യാറെടുക്കുന്നു.
ചരിത്രപ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന പുന്നമട കായലിൽ തുഴച്ചിൽക്കാരെയും വള്ളംകളി പ്രേമികളെയും സ്വീകരിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഇതിൻ്റെ ഭാഗമായി ഫിനിഷിങ് പോയിന്റിൽ താൽക്കാലിക പന്തലിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മത്സരത്തിന് മുന്നോടിയായി ചുണ്ടൻ വള്ളങ്ങളും മറ്റ് മത്സരവള്ളങ്ങളും സുരക്ഷിതമായി അടുപ്പിച്ച് നിർത്തുന്നതിനുള്ള താൽക്കാലിക സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കായലിൽ തൂണുകൾ സ്ഥാപിച്ചു കഴിഞ്ഞു.
സ്റ്റാർട്ടിങ് പോയിന്റിനു സമീപമുള്ള മാളിയേക്കൽ ചിറ കായൽത്തീരത്തെ കൽക്കെട്ടും കണിയാംപറമ്പ് തോടിന് കുറുകെയുള്ള പാലത്തിന്റെ കൈവരിയും തകർന്ന നിലയിലായിരുന്നു. ഈ വിഷയത്തിൽ അധികാരികൾ അടിയന്തരമായി ഇടപെടുകയും ഇറിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇവിടെ 30 മീറ്റർ നീളത്തിൽ കൽക്കെട്ട് പുനർനിർമ്മിക്കുന്ന ജോലികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനോടൊപ്പം തന്നെ തകർന്ന പാലത്തിന്റെ കൈവരികളും മാറ്റി സ്ഥാപിക്കുന്നതാണ്. സ്റ്റാർട്ടിങ് പോയിന്റിനും ഫിനിഷിങ് പോയിന്റിനും ഇടയിലുള്ള കായൽത്തീരത്തേക്ക് 12 ചെറിയ റോഡുകളും വിവിധ ഇടവഴികളും തോടുകളും എത്തിച്ചേരുന്നുണ്ടെങ്കിലും ഇവയെല്ലാം നിലവിൽ കാടും പടലവും മാലിന്യവും നിറഞ്ഞ അവസ്ഥയിലാണ്.
ഈ സാഹചര്യത്തിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം ജീവനക്കാർ ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എങ്കിലും, ചില പ്രധാന വഴികളിൽ മാത്രമാണ് നിലവിൽ ജീവനക്കാരെ നിയോഗിച്ചിട്ടുള്ളത്.
ഫിനിഷിങ് പോയിന്റിൽ വിഐപി പവിലിയന് സമീപവും കായൽ തീരത്തെ കെട്ടിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങളുടെ ഇടയിലുമായി വലിയ തോതിൽ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന നിലയിലാണുള്ളത്. കായൽത്തീരത്തെ നൂറിലേറെ വഴിവിളക്കുകളിൽ പകുതിയിലധികവും മാസങ്ങളായി പ്രവർത്തനരഹിതമാണ്.
വള്ളംകളി മത്സരത്തിന് മുൻപായി പ്രദേശത്തെ മുഴുവൻ വഴിവിളക്കുകളും പ്രകാശമാനമാക്കുമെന്ന് കഴിഞ്ഞ 12-ാം തീയതി ചേർന്ന യോഗത്തിൽ ടൂറിസം മന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും, ഇതുവരെയും ആ കാര്യത്തിൽ ആവശ്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

