ഇന്ത്യൻ സബ്-കോംപാക്റ്റ് എസ്യുവി വിപണിയിൽ വൻ മുന്നേറ്റത്തിനൊരുങ്ങി മാരുതി സുസുക്കി. ബ്രെസയുടെ പുതുതലമുറ ഫെയ്സ്ലിഫ്റ്റ് പതിപ്പ് 2026-ൽ പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു.
പരീക്ഷണ ഓട്ടത്തിനിടെ കണ്ടെത്തിയ വാഹനത്തിന്റെ വിവരങ്ങൾ ഇതിനകം തന്നെ വാഹനപ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. മികച്ച എൻജിൻ കരുത്തും അത്യാധുനിക സൗകര്യങ്ങളും കോർത്തിണക്കിയാണ് പുതിയ മോഡലിനെ കമ്പനി അണിയിച്ചൊരുക്കുന്നത്.
പുതിയ ബ്രെസയുടെ പ്രധാന ആകർഷണം 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എൻജിൻ ആയിരിക്കും. 100 PS കരുത്തും 148 Nm ടോർക്കും പ്രദാനം ചെയ്യുന്ന ഈ ത്രീ-സിലിണ്ടർ എൻജിൻ 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിക്കും.
നിലവിലെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എൻജിനുമായി താരതമ്യം ചെയ്യുമ്പോൾ, പുതിയ എൻജിൻ കുറഞ്ഞ നികുതി സ്ലാബിൽ (18 ശതമാനം ജിഎസ്ടി) ഉൾപ്പെടാൻ സാധ്യതയുണ്ട്. ഇത് വാഹനത്തിന്റെ വില കൂടുതൽ ആകർഷകമാക്കാൻ നിർമ്മാതാക്കളെ സഹായിക്കും.
സിഎൻജി പതിപ്പിലും സമൂലമായ മാറ്റങ്ങൾ വരുത്താൻ മാരുതി ലക്ഷ്യമിടുന്നു. നിലവിലെ സിഎൻജി സിലിണ്ടറുകൾ ബൂട്ട് സ്പേസിന്റെ വലിയൊരു ഭാഗം കൈയടക്കുന്ന അവസ്ഥ പരിഹരിക്കാൻ ‘അണ്ടർബോഡി സിഎൻജി ടാങ്ക്’ സാങ്കേതികവിദ്യ ഉൾപ്പെടുത്തും.
ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ലഗേജ് സ്പേസ് ലഭിക്കാൻ സഹായിക്കും. അകത്തളത്തിൽ 10.1 ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്.
ഇതിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണ ലഭ്യമാകും. പുനർരൂപകൽപ്പന ചെയ്ത സീറ്റ് അപ്ഹോൾസ്റ്ററികൾ, പുതിയ ക്യാബിൻ തീം, പരിഷ്കരിച്ച ട്രിമ്മുകൾ എന്നിവ ഇന്റീരിയറിന് പ്രീമിയം ലുക്ക് നൽകുന്നു.
പുറംഭാഗത്ത് പുതിയ ഫ്രണ്ട് ഗ്രിൽ, പരിഷ്കരിച്ച ഫ്രണ്ട്-റിയർ ബമ്പറുകൾ, പുനർരൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, പുതിയ ഫോഗ് ലാമ്പുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 2026-ലെ ഉത്സവ സീസണിൽ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ 8.26 ലക്ഷം മുതൽ 12.86 ലക്ഷം രൂപ വരെയാണ് ബ്രെസയുടെ എക്സ്-ഷോറൂം വില. പുതിയ പതിപ്പിന് വലിയ വിലവർദ്ധനവ് ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

