ആലപ്പുഴ ∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) അനുഭവിക്കുന്ന സമ്മർദത്തെ നിസ്സരവൽക്കരിച്ച ഉദ്യോഗസ്ഥന്റെ കുറിപ്പിനെതിരെ ബിഎൽഒമാർക്കിടയിൽ പ്രതിഷേധം. ‘‘സമയബന്ധിതമായി ചെയ്യേണ്ട
ജോലികൾക്കെല്ലാം സമ്മർദമുണ്ടാകും. ഉയർന്ന ശമ്പളം വാങ്ങുന്ന ഐടി മേഖലയിൽ വലിയ ജോലി സമ്മർദമാണ്.
ബഹുരാഷ്ട്ര കമ്പനിയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങിയിരുന്ന ഒരു മലയാളി യുവതി കഴിഞ്ഞ വർഷം ജോലിയുടെ സമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്തിരുന്നു. ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും നമുക്ക് പ്രതിസന്ധികളെ നേരിടേണ്ടിവരും.
എസ്ഐആർ ഫീൽഡ് വർക്ക് ദുഷ്കരമാണെന്ന കാര്യത്തിൽ സംശയമില്ല’’ എന്നായിരുന്നു ചെങ്ങന്നൂർ മേഖലയിലെ ബിഎൽഒമാരുടെ വാട്സാപ് ഗ്രൂപ്പിൽ ഡപ്യൂട്ടി തഹസിൽദാർ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ കുറിപ്പിട്ടത്.
കണ്ണൂരിൽ ബിഎൽഒ ആത്മഹത്യ ചെയ്തതു ജോലിഭാരവും സമ്മർദവും മൂലമാണെന്ന ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഈ കുറിപ്പിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. ആത്മഹത്യയെപ്പോലും നിസ്സാരവൽക്കരിക്കുകയാണെന്നു ബിഎൽഒമാർ വിമർശനമുന്നയിച്ചു.
പിന്നാലെ ‘ഫോം വിതരണത്തിൽ പിന്നിൽ നിൽക്കുന്ന ബിഎൽഒമാരെ കലക്ടറും ആർഡിഒയും നേരിട്ടു വിളിച്ചേക്കാ’മെന്ന് ഇതേ ഉദ്യോഗസ്ഥൻ മുന്നറിയിപ്പു കൂടി നൽകിയതോടെ ഗ്രൂപ്പിൽ ബിഎൽഒമാരുടെ പ്രതിഷേധം ശക്തമായി. അനാവശ്യ മാനസിക സമ്മർദം അടിച്ചേൽപിക്കുകയാണെന്നും വീട്ടുകാരുടെ കൂടെ സഹായത്തോടെയാണു പലയിടത്തും ഫോം വിതരണം പൂർത്തിയാക്കുന്നതെന്നും ബിഎൽഒമാർ ചൂണ്ടിക്കാട്ടി.
നേരത്തേ നിശ്ചയിച്ച സമയക്രമത്തിനനുസരിച്ചു ജോലികൾ പൂർത്തിയാകുന്നുണ്ടെന്നും ഇതിനിടയിൽ സമ്മർദം അടിച്ചേൽപിക്കുന്നത് ബിഎൽഒമാരെ മാനസികമായി തളർത്തുമെന്നും പലരും പരാതിപ്പെട്ടു.
ജോലിഭാരം കുറയ്ക്കാൻ കലക്ഷൻ സെന്ററുകൾ; വനിതാ ബിഎൽഒമാർക്ക് സഹായിയെ അനുവദിക്കും
ആലപ്പുഴ ∙ ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കാൻ ജില്ലയിലെ എല്ലാ വില്ലേജ് ഓഫിസുകളിലും കലക്ഷൻ സെന്ററുകൾ ആരംഭിച്ചതായി കലക്ടർ അലക്സ് വർഗീസ് അറിയിച്ചു. എസ്ഐആറുമായി ബന്ധപ്പെട്ട
എല്ലാ സംശയങ്ങളും പരിഹരിക്കാൻ ഇവിടെ സൗകര്യമുണ്ടാകും. ബിഎൽഒമാർക്ക് അതതു ബൂത്തുകളിലെ 2002ലെ വോട്ടർപട്ടിക മാത്രമാണു നൽകിയിട്ടുണ്ടാവുക.
എന്നാൽ ഫോമുകൾ പൂരിപ്പിക്കാൻ മറ്റു ബൂത്തുകളിലെ പട്ടിക ആവശ്യമായി വരും. എല്ലാ ബൂത്തുകളിലെയും പട്ടിക കലക്ഷൻ സെന്ററുകളിൽ ലഭ്യമാക്കും.
ബിഎൽഒമാരെ സഹായിക്കാൻ ഒരു ടെക്നിക്കൽ അസിസ്റ്റന്റിനെ എല്ലാ വില്ലേജിലും നിയമിച്ചിട്ടുണ്ട്. ഫോം വിതരണത്തിന് ബുദ്ധിമുട്ടു നേരിടുന്ന വനിതാ ബിഎൽഒമാർക്കു സഹായിയെ അനുവദിക്കാനും അവശ്യസന്ദർഭങ്ങളിൽ വാഹനസൗകര്യം ഏർപ്പെടുത്താനും കലക്ടർ നിർദേശം നൽകി. എസ്ഐആറിന്റെ ഭാഗമായുള്ള ഫോം വിതരണം ജില്ലയിൽ 98% പൂർത്തിയായെന്നും ബിഎൽഒമാരുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിച്ചതെന്നും കലക്ടർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

