ആലപ്പുഴ∙ ദേശീയപാത 66ൽ അരൂർ– തുറവൂർ ഉയരപ്പാത നിർമാണ ജോലികൾ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെയാണു നടത്തിയതെന്നു സുരക്ഷാ ഓഡിറ്റിൽ കണ്ടെത്തിയതായി വിവരം. ഈ ഭാഗത്തെ സുരക്ഷാ വീഴ്ചകൾ പഠിക്കാൻ ദേശീയപാത അതോറിറ്റി നിയോഗിച്ച റൈറ്റ്സ് ലിമിറ്റഡിൽ നിന്നുള്ള വിദഗ്ധസംഘം ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു.
ഇവരുടെ പ്രാഥമിക വിലയിരുത്തലിൽ തന്നെ സുരക്ഷാ വീഴ്ച കണ്ടെത്തിയതു നിർണായകമാകും.
അരൂരിൽ ഉയരപ്പാത തുടങ്ങുന്ന സ്ഥലത്തും എരമല്ലൂരിൽ ഗർഡർ അപകടം നടന്ന സ്ഥലത്തും സംഘം പരിശോധന നടത്തി. ഗർഡർ ഉറപ്പിക്കാൻ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കിയുടെ പ്രവർത്തനരീതി കരാർ കമ്പനി ജീവനക്കാർ വിശദീകരിച്ചു.
ഇതു തെന്നിമാറിയതിനെത്തുടർന്നാണു കഴിഞ്ഞ ദിവസം ഗർഡർ താഴെ വീണ് ഒരാളുടെ മരണത്തിനിടയാക്കിയതെന്നാണു നിഗമനം. ദേശീയപാത അതോറിറ്റി, ഉയരപ്പാത നിർമാണ കമ്പനി ഉദ്യോഗസ്ഥരുമായും സംഘം ചർച്ച നടത്തി.
പരിശോധന അടുത്ത ദിവസങ്ങളിലും തുടരും.
ദേശീയപാത അതോറിറ്റിക്ക് ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ. കോൺക്രീറ്റ് ഗർഡർ 9 മീറ്റർ ഉയരത്തിൽ നിന്നു പിക്കപ് വാനിലേക്കു വീണു ഡ്രൈവർ പള്ളിപ്പാട് സ്വദേശി സി.ആർ.രാജേഷ് (47) മരിച്ച സംഭവത്തെ തുടർന്നാണു സുരക്ഷാ ഓഡിറ്റ് ഏർപ്പെടുത്തിയത്.
ഉയരപ്പാത നിർമാണം തുടങ്ങിയ ശേഷം ഇതുവരെ 42 പേരാണു വിവിധ അപകടങ്ങളിൽ മരിച്ചത്.
കരാർ കമ്പനിക്കെതിരെ പ്രതിഷേധം
സുരക്ഷ ഉറപ്പാക്കാതെ നിർമാണ ജോലികൾ ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധമാണു കരാർ കമ്പനിക്കെതിരെ ഉയർന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ നേരിട്ടു കണ്ട് ആശങ്ക അറിയിച്ചിരുന്നു. തുടർന്നാണു റെയിൽവേയുടെ കീഴിലുള്ള റൈറ്റ്സ് ലിമിറ്റഡിനെ സുരക്ഷാ ഓഡിറ്റിനു നിയോഗിച്ചത്.
അപകടമരണങ്ങളുടെ വിവരമെടുക്കും
ഉയരപ്പാത നിർമാണം തുടങ്ങിയതു മുതൽ ഓരോ ഘട്ടത്തിലും സ്വീകരിച്ച സുരക്ഷാ മുൻകരുതലുകളുടെ വിവരം റൈറ്റ്സ് സംഘം പരിശോധിക്കുന്നുണ്ട്.
സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായി പൊലീസ്, മോട്ടർ വാഹന വകുപ്പുകളിൽ നിന്നുള്ള വിവരങ്ങളും ശേഖരിക്കും. അരൂർ, കുത്തിയതോട്, പട്ടണക്കാട് പൊലീസ് സ്റ്റേഷനുകളിൽനിന്ന് അപകടങ്ങളുടെയും മരണങ്ങളുടെയും വിവരങ്ങൾ ശേഖരിക്കും. തുടർന്നാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
അരൂർ- തുറവൂർ ജനകീയ സമിതി ഉയരപ്പാത നിർമാണത്തിലെ ആശങ്കകൾ അറിയിച്ചു പരിശോധക സംഘത്തിനു നിവേദനം കൈമാറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

