കോട്ടയം ഗവൺമെന്റ് ഡെന്റൽ കോളേജിൽ വെച്ച് നടന്ന ഉന്നതതല യോഗത്തിൽ കേരളത്തിലെ വിവിധ ഡെന്റൽ കോളേജ് പ്രിൻസിപ്പൽമാർ പങ്കെടുത്തു. നാഷണൽ ഡെന്റൽ കമ്മീഷൻ സംഘടിപ്പിച്ച ഈ മേഖലാതല സമ്മേളനം, രാജ്യത്തെ ദന്തവിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിർണായക പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വേദിയായി.
ദേശീയ ദന്ത കമ്മീഷൻ നിയമം 2023 ഫലപ്രദമായി നടപ്പിലാക്കുന്നതിനെക്കുറിച്ചും, ദന്തവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി നവീകരണം, പരിശീലന നിലവാരം ഉയർത്തൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി അവലോകനം ചെയ്തു. ബിഡിഎസ്, എംഡിഎസ് കോഴ്സുകളിലെ പാഠ്യപദ്ധതി പരിഷ്കരണം, ഡെന്റൽ എത്തിക്സ് ആൻഡ് രജിസ്ട്രേഷൻ ബോർഡുകൾക്കായി തയ്യാറാക്കിയ പുതിയ നിർദ്ദേശങ്ങൾ എന്നിവ യോഗത്തിൽ അവതരിപ്പിച്ചു.
യോഗത്തിൽ നാഷണൽ ഡെന്റൽ കമ്മീഷൻ ചെയർമാൻ ഡോ. സഞ്ജയ് തിവാരി ഓൺലൈൻ സംവിധാനത്തിലൂടെ അധ്യക്ഷത വഹിച്ചു.
നാഷണൽ ഡെന്റൽ കമ്മീഷൻ യുജി/പിജി ഡെന്റൽ വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് ഡോ. ചന്ദ്രശേഖർ ജാനകിറാം, എത്തിക്സ് ആൻഡ് ഡെന്റൽ രജിസ്ട്രേഷൻ ബോർഡ് പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ.
തപസ് കുമാർ ബദ്യോപാധ്യായ എന്നിവർ നേരിട്ട് പങ്കെടുത്തു സംസാരിച്ചു. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് പരീക്ഷാ കൺട്രോളർ ഡോ.
അനിൽകുമാർ എസ്., ഡെൻ്റൽ സയൻസസ് ഡീൻ ഡോ. എൽബി പീറ്റർ എന്നിവർ യോഗത്തിൽ നിർണ്ണായകമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
സംസ്ഥാനത്തെ ഇരുപത്തിയഞ്ചിലധികം ഡെന്റൽ കോളേജുകളിലെ പ്രിൻസിപ്പൽമാർ പങ്കെടുത്ത പരിപാടിയിൽ, കോട്ടയം ഗവൺമെന്റ് ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. കണ്ണൻ വടക്കേപുരയിൽ സ്വാഗത പ്രസംഗം നടത്തി.
വിവിധ കമ്മീഷൻ അംഗങ്ങൾ ഓൺലൈൻ വഴിയും ചർച്ചയിൽ പങ്കാളികളായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

