കേരളത്തിലെ കായിക മേഖലയ്ക്ക് അഭിമാനമായി നാല് യുവ ബാസ്ക്കറ്റ്ബോൾ താരങ്ങൾ അന്താരാഷ്ട്ര പരിശീലനത്തിനായി തായ്വാനിലേക്ക് യാത്ര തിരിച്ചു. ബാസ്ക്കറ്റ്ബോൾ ലീഗ് കേരളയുടെ ഒന്നാം സീസണിൽ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ താരങ്ങളെ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന അവസരത്തിലേക്ക് എത്തിച്ചത്.
ഈ ലീഗിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബാച്ചാണ് ഇപ്പോൾ വിദേശത്തേക്ക് പോകുന്നത്. സ്റ്റാർട്ടിങ് ഫൈവ് സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ഏകലവ്യാസ് കൺസൾട്ടൻസി എന്നിവരുടെ നേതൃത്വത്തിൽ തായ്വാനിലെ പ്രമുഖ സ്ഥാപനങ്ങളായ ചുങ് ഹുവ ഗേൾസ് ജൂനിയർ ഹൈസ്കൂൾ, ചുവാങ്വേ ബോയ്സ് ജൂനിയർ ഹൈസ്കൂൾ എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
തായ്വാനിലേക്ക് യാത്ര തിരിച്ച സംഘത്തിൽ ഇടംപിടിച്ചവർ:
അർസ് ഷാജി (ജെംസ് ബാസ്ക്കറ്റ്ബോൾ അക്കാദമി, കൊച്ചി / ബി.എൽ.കെ തൃശ്ശൂർ ടസ്കേഴ്സ്), ദേവർഷ് കെ. വിനോദ് (എ.കെ.എം സ്കൂൾ, ചങ്ങനാശ്ശേരി / ബി.എൽ.കെ കാലിക്കറ്റ് വാരിയേഴ്സ്), അലീന അൽഫോൻസ എയ്ഞ്ചൽ (ഡൽഹി പബ്ലിക് സ്കൂൾ, ബാംഗ്ലൂർ / ബി.എൽ.കെ ട്രിവാൻഡ്രം കാപ്പിറ്റൽസ്), നേഹ വിനീഷ് (ലിറ്റിൽ ഫ്ലവർ എച്ച്.എസ്.എസ്, കൊരട്ടി / ബി.എൽ.കെ ട്രിവാൻഡ്രം കാപ്പിറ്റൽസ്).
ഒരു മാസം നീണ്ടുനിൽക്കുന്ന ഈ പരിശീലന പരിപാടിയിൽ അന്താരാഷ്ട്ര ബാസ്ക്കറ്റ്ബോൾ സ്കൗട്ടുകളുടെ നേരിട്ടുള്ള നിരീക്ഷണം താരങ്ങൾക്ക് ലഭിക്കും. യിലാൻ കൗണ്ടിയിൽ വെച്ച് നടക്കുന്ന തീവ്രമായ പ്രൊഫഷണൽ പരിശീലനത്തിലൂടെയും ആധുനിക സാങ്കേതിക ഡെവലപ്മെന്റ് ക്ലാസുകളിലൂടെയും താരങ്ങളുടെ കായികക്ഷമതയും സാങ്കേതിക മികവും വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഭാവിയിൽ അന്താരാഷ്ട്ര തലത്തിൽ കായിക-വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ കരസ്ഥമാക്കാൻ ഈ പരിശീലനം താരങ്ങളെ സജ്ജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

