ആലപ്പുഴ ജില്ലയിൽ പ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ചുള്ള വിപുലമായ ഒരുക്കങ്ങളും അനുബന്ധ പരിപാടികളും പുരോഗമിക്കുന്നു. വള്ളംകളിയുടെ പ്രചാരണാർഥം സംഘടിപ്പിച്ച ഫെയ്സ് പെയ്ന്റിങ് മത്സരം പ്രശസ്ത കവി വയലാർ ശരത്ചന്ദ്ര വർമ ഉദ്ഘാടനം ചെയ്തു.
വയലാറിന്റെ ‘ആയിരം മുഖങ്ങൾ ഞാൻ കണ്ടു…’, ഒഎൻവിയുടെ ‘ഒന്നു നീ ശ്രുതി താഴ്ത്തി പാടുക…’ തുടങ്ങിയ പ്രശസ്ത ഗാനങ്ങളെ ഉദ്ധരിച്ചുകൊണ്ട്, വാക്കുകളിലൂടെ കവികൾ വരച്ചുവയ്ക്കുന്ന അതേ മുഖചിത്രങ്ങളാണ് ചിത്രകാരന്മാർ വർണങ്ങളിലൂടെ വേദിയിൽ തീർക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ അധ്യക്ഷനായി.
കലക്ടർ ഷാജി വി.നായർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ.എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി.പ്രദീപ്, എ.എൻ.പുരം ശിവകുമാർ, ഡോ.
നെടുമുടി ഹരികുമാർ, കെ.നാസർ, നസീർ പുന്നയ്ക്കൽ, രമേശൻ ചെമ്മാപറമ്പിൽ, അബ്ദുൽ സലാം ലബ്ബ, പി.കെ.ബൈജു, എ.കബീർ, ഹരികുമാർ വാലേത്ത്, ജി മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ‘ആലപ്പുഴയും നെഹ്റു ട്രോഫി വള്ളംകളിയും’ എന്ന വിഷയത്തിലായിരുന്നു മത്സരം.
വി.എസ്.ബ്ലേഡ്സോ, അമീൻ ഖലീൽ, ശിവകുമാർ ജഗ്ഗു എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരത്തിൽ വിജയികൾക്ക് സ്വർണനാണയവും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് അവാർഡും നൽകും.
പുന്നമടക്കായലിൽ നടക്കുന്ന പരിശീലന തുഴച്ചിൽ കാണാൻ വള്ളംകളി പ്രേമികൾക്കായി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക അവസരമൊരുക്കുന്നുണ്ട്. വരുന്ന 22ന് നടക്കുന്ന വള്ളംകളിക്ക് ഇനി 9 ദിവസങ്ങൾ മാത്രം ശേഷിക്കെ പുന്നമടക്കായലിൽ മിക്ക വള്ളങ്ങളും ട്രാക്ക് എൻട്രി നടത്തിക്കഴിഞ്ഞു.
മറ്റു വള്ളങ്ങൾ വരും ദിവസങ്ങളിൽ ട്രാക്ക് എൻട്രി നടത്തും. അടുത്ത ദിവസങ്ങളിലെല്ലാം അഞ്ചിലേറെ വള്ളങ്ങൾ പരിശീലനത്തിനായി പുന്നമടക്കായലിലെത്തുമെന്നാണ് കണക്കാക്കുന്നത്.
വൈകിട്ട് 3 മുതൽ 5 വരെയുള്ള സമയത്ത് ഏതൊക്കെ വള്ളങ്ങൾ എത്തുമെന്ന് എൻടിബിആർ സൊസൈറ്റി മുൻകൂട്ടി അറിയിക്കും. വള്ളംകളി പ്രേമികൾക്ക് മുൻപും പരിശീലനം കാണാനുള്ള അവസരമുണ്ടായിരുന്നെങ്കിലും കൃത്യമായ ആസൂത്രണമില്ലായിരുന്നു.
വള്ളംകളി കാണാനുള്ള അവസരം ഒരു ദിവസത്തേക്കു മാത്രമായി ചുരുങ്ങുന്നത് ഒഴിവാക്കണമെന്നും കൂടുതൽ അവസരങ്ങളൊരുക്കണമെന്നും നേരത്തെ ആവശ്യമുയർന്നിരുന്നു. മത്സരത്തോടനുബന്ധിച്ചുള്ള ഓൺലൈൻ ടിക്കറ്റ് വിൽപനയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വെറും 3 ദിവസം കൊണ്ട് 10 ലക്ഷത്തിൽപരം രൂപയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ എല്ലാ പ്രധാന സർക്കാർ ഓഫിസുകളിൽ നിന്നും ടിക്കറ്റ് ലഭിക്കും.
എസ്ബിഐ, കനറാ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നീ ബാങ്കുകൾ വഴിയാണ് ഓൺലൈനായി ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷം, 25000, 10000, 3000, 2500, 1500, 500, 400, 200, 100 എന്നിങ്ങനെയാണ് ടിക്കറ്റുകളുടെ നിരക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

