എറണാകുളം ജില്ലയിലെ പറവൂർ പുത്തൻവേലിക്കരയിൽ കർഷകന് തിരിച്ചടിയായി കവർച്ചാ പരമ്പര തുടരുന്നു. താഴംചിറയിൽ നിന്ന് മൂന്ന് പോത്തുകളെയാണ് കഴിഞ്ഞ ദിവസം മോഷ്ടാക്കൾ കൊണ്ടുപോയത്.
ഇഞ്ചാരക്കുന്നിൽ ഉമേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൃഗങ്ങളെയാണ് നഷ്ടപ്പെട്ടത്. താഴംചിറ പാടശേഖരത്തിൽ കെട്ടിയിരുന്ന പോത്തുകളെയാണ് കാണാതായത്.
ബുധനാഴ്ച രാവിലെയാണ് പോത്തുകൾ നഷ്ടപ്പെട്ട വിവരം ഉമേഷിന്റെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ഉടൻതന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പുത്തൻവേലിക്കര പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിർണായക ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
മൂന്ന് പോത്തുകളെയും ഒരാൾ അഴിച്ചുകൊണ്ടുപോകുന്നതും, സമീപത്തെ മറ്റൊരു പറമ്പിൽ കൊണ്ടുപോയി കെട്ടുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. രാത്രിയോടെ ഈ പോത്തുകളെ മറ്റൊരു പറമ്പിൽ കെട്ടിയിട്ട
നിലയിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, മേഖലയിൽ സമാനമായ രീതിയിലുള്ള കവർച്ചകൾ വർധിക്കുന്നത് പ്രദേശവാസികളിൽ ആശങ്ക പരത്തുന്നുണ്ട്.
ഈ മാസം ആദ്യം ചേന്ദമംഗലം കരിമ്പാടം കരിപ്പായി വീട്ടിൽ ഹരേയുടെ ഉടമസ്ഥതയിലുള്ള നൂറു കിലോഗ്രാം തൂക്കം വരുന്ന പോത്ത് മോഷണം പോയിരുന്നു. കൂടാതെ, ഇതിന് ഒരാഴ്ച മുൻപ് പുത്തൻവേലിക്കര കുരിശിങ്കൽ ഭാഗത്തുനിന്നും മറ്റൊരു പോത്ത് കാണാതായ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം മോഷണങ്ങളുടെ പിന്നിൽ ഒരേ സംഘമാണോയെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

