തുറവൂർ എരമല്ലൂരിലെ കെഎസ്എഫ്ഇ ശാഖയിൽ നടന്ന മോഷണശ്രമം പൊലീസിനെപ്പോലും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് സംഘം എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.
പഴുതുകളടച്ചുള്ള ഈ ആസൂത്രണം പിന്നിൽ പ്രഫഷനൽ സംഘമാണെന്നതിലേക്കാണ് വിരൽചൂണ്ടുന്നത്. സംഭവം നടന്നത് വെള്ളിയാഴ്ച രാത്രി 12-നാണ്.
കെഎസ്എഫ്ഇ കെട്ടിട ഉടമ വി.ഉത്തമന്റെ സമീപത്തെ ആളില്ലാത്ത വീട്ടിലെത്തിയ സംഘം, ആദ്യം അവിടെയുണ്ടായിരുന്ന സിസിടിവി ക്യാമറ തുണി ഉപയോഗിച്ച് മറച്ചു.
തുടർന്നാണ് വീട്ടിലെ മീറ്ററിൽ നിന്ന് വയർ വലിച്ച് സമീപ കെട്ടിടത്തിലേക്ക് വൈദ്യുതി ബന്ധം സ്ഥാപിച്ചത്. ഇന്റർനെറ്റ് കേബിൾ മുറിച്ചതിലൂടെ ശാഖയുടെ സുരക്ഷാ സംവിധാനങ്ങളെ പൂർണ്ണമായും പ്രവർത്തനരഹിതമാക്കാൻ മോഷ്ടാക്കൾക്കായി.
പരസ്യ ബോർഡ് സ്ഥാപിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് പൈപ്പുകൾ ഏണിയാക്കി മാറ്റി ശാഖയ്ക്കുള്ളിൽ കടന്ന സംഘം സിസിടിവിയും ഡിവിആർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അഴിച്ചെടുത്തു. കെട്ടിടത്തിന് പിന്നിലുള്ള കുറ്റിക്കാടുകൾ നിറഞ്ഞ പുരയിടത്തിലൂടെയാണ് മോഷ്ടാക്കൾ എത്തിയതെന്ന് പൊലീസ് കരുതുന്നു.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും പ്രതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സാങ്കേതിക പരിജ്ഞാനമുള്ള ഇതര സംസ്ഥാനത്തുനിന്നുള്ള പ്രഫഷനൽ മോഷ്ടാക്കളാകാം കൃത്യത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
സംഭവത്തിൽ അരൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

