വോട്ടെണ്ണൽ പൂർത്തിയായിട്ട് എട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. വി.ഡി.
സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പേരുകൾ ഉയർത്തിക്കാട്ടി പാർട്ടിയിൽ ചർച്ചകൾ സജീവമാകുമ്പോൾ, വിഷയത്തിൽ സിനിമാ-സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരും അഭിപ്രായങ്ങളുമായി രംഗത്തെത്തുകയാണ്.
ഈ സാഹചര്യത്തിൽ, ഡിജിറ്റൽ ക്രിയേറ്ററും യൂട്യൂബറുമായ ഗോപിക ശശിധരൻ നായർ പങ്കുവെച്ച തന്റെ 105 വയസ്സുള്ള മുത്തശ്ശിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കോൺഗ്രസ് നേതൃത്വത്തോട് മാന്യമായി ഭരണം നടത്താനും തമ്മിലടി ഒഴിവാക്കാനും മുത്തശ്ശി ഉപദേശിക്കുന്നു.
ഇന്ദിരാഗാന്ധിയുടെ കാലമായിരുന്നെങ്കിൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടാകില്ലായിരുന്നുവെന്ന് അഭിപ്രായപ്പെടുന്ന മുത്തശ്ശി, ഉമ്മൻ ചാണ്ടിയുടെ വേർപാടിലുള്ള ദുഃഖവും പങ്കുവെച്ചു. മുത്തശ്ശിയുടെ വാക്കുകൾ ഇങ്ങനെ:
“മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാത്തതെന്താ ? മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണം.
അടിപിടി കൂടരുത്. എന്താ ഇതുവരെ തെരഞ്ഞെടുക്കാത്തത്? പണ്ടത്തെ കാലത്ത് നറുക്കിടും.
എന്നിട്ട് തെരഞ്ഞെടുക്കും. മുഖ്യമന്ത്രി ആകണമെന്ന് പറഞ്ഞ് മുന്നിട്ട് നില്ക്കുന്നവരില് കൊള്ളാവുന്നവരെ ആക്കണം.
ഭരണം കിട്ടിയല്ലോ. ഇനിയും എന്തിനാണ് വഴക്ക് പിടിക്കുന്നത്? ഇന്ദിരാ ഗാന്ധി ഒക്കെ ഉണ്ടായിരുന്ന സമയത്തായിരുന്നേല്‍ ഒരു പരിഹാരം ഉണ്ടായേനെ.
ആരും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ വന്നത്. ആരായാലും പ്രായം കുറഞ്ഞവര്‍ ഭരിക്കുന്നതാണ് നല്ലത്.
അതാകുമ്പോള്‍ കുറച്ചധികം നാള് അവര്‍ക്ക് നില്‍ക്കാമല്ലോ. നന്നായിട്ട് ഭരിക്കുകയും ചെയ്യും.
പണ്ടത്തെ കാലത്ത് നയനാരും കരുണാകരനും ഒക്കെ ആയിരുന്നു നല്ലത്. ഇപ്പോള്‍ ഗുണമില്ല.
ഉമ്മന്‍ ചാണ്ടി ഒരു നല്ല ആളായിരുന്നു. അദ്ദേഹം മരിച്ച് പോയല്ലോ.
കഷ്ടമായി. സങ്കടമുണ്ട്.” മുത്തശ്ശിയുടെ ഈ തുറന്നുപറച്ചിൽ രാഷ്ട്രീയ നിരീക്ഷകർക്കിടയിലും വലിയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

