തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. എറണാകുളം കോതമംഗലം കുട്ടമ്പുഴ കുറ്റിയംചാൽ ഭാഗങ്ങളിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.
മലപ്പുറം പാണ്ടിക്കാട് ജി.എം.എൽ.പി സ്കൂളിന്റെ മേൽക്കൂര വൈകിട്ട് 4 മണിയോടെ തകർന്നു വീണു. സംഭവത്തിൽ ആർക്കും പരിക്കില്ല.
മൂവാറ്റുപുഴയിൽ ശക്തമായ കാറ്റിൽ കാർ സർവീസ് സെന്ററിന്റെ മേൽക്കൂര തകർന്നു. അപകടത്തിൽ ആളപായമില്ലെങ്കിലും സർവീസിനായി എത്തിച്ച നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
പത്തനംതിട്ട നാറാണമൂഴി പഞ്ചായത്തിൽ മരം വീണ് വീട് തകർന്നു.
കോട്ടയം ഉഴവൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. അപകടത്തിൽ പൂവത്തുങ്കൽ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നെയ്യാർ ഡാം ഇറിഗേഷൻ സെക്യൂരിറ്റി ഓഫീസിന് സമീപം കൂറ്റൻ മരം വീണ് എൻട്രൻസ് ഗേറ്റിന് സമീപത്തെ മതിലിന്റെ ഒരു ഭാഗം തകർന്നു.
രണ്ട് ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു. നെയ്യാർ ഡാം മരക്കുന്നത്ത് വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിൽ മരക്കുന്നം സ്വദേശിനി വസന്ത, മകൻ മനോജ് എന്നിവരുടെ വീടിന്റെ മേൽക്കൂര പറന്നുപോയി.
സംഭവസമയത്ത് ഇരുവരും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇവരെ നാട്ടുകാർ സമീപത്തെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ചെല്ലാനത്ത് കാറ്റിലും മഴയിലും തറയെപ്പറമ്പിൽ ജോൺസന്റെ വീടും അർനോസ് ചൗരി എന്നയാളുടെ വീടിന്റെ മേൽക്കൂരയും തകർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

