പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വെറ്ററിനറി പോളിക്ലിനിക്കിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പത്ത് വയസ്സുള്ള ജർമൻ ഷെപ്പേഡ് നായയ്ക്ക് പുതുജീവൻ. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മൊബൈൽ സർജിക്കൽ യൂണിറ്റിന്റെ സഹകരണത്തോടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.
തീവ്രമായ ക്ഷീണത്തെത്തുടർന്ന് ആഹാരം കഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഉടമസ്ഥർ നായയെ പോളിക്ലിനിക്കിൽ എത്തിച്ചത്. തുടർന്ന് നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ, ഗർഭാശയത്തിൽ പഴുപ്പ് നിറയുന്ന ‘പയോമെട്ര’ എന്ന ഗുരുതരമായ രോഗാവസ്ഥ ഡോക്ടർമാർ സംശയിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിക്കുകയുമായിരുന്നു.
ഓപ്പറേഷൻ പുരോഗമിക്കുന്നതിനിടെയാണ് ഗർഭാശയത്തോട് ചേർന്ന് വളർന്ന നിലയിൽ മൂന്ന് കിലോഗ്രാം ഭാരമുള്ള വലിയ മുഴ കണ്ടെത്തിയത്. ഡോ.എസ്.ആനന്ദ്, ഡോ.ശ്രീരാഗ് ആർ.ദാസ് (മൊബൈൽ സർജറി യൂണിറ്റ്), ഡോ.സി.മൃദുല (സീനിയർ വെറ്ററിനറി സർജൻ, മണ്ണാർക്കാട്), സർജൻമാരായ ഡോ.ആർ.സുധി, ഡോ.എം.ആതിര, ഡോ.കെ.രേവതി (തെങ്കര വെറ്ററിനറി സർജൻ), ഡോ.നിഷ അരവിന്ദൻ, വി.സന്തോഷ് എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
നിലവിൽ നായ ആരോഗ്യനില വീണ്ടെടുത്തുവരികയാണ്. ഇത്തരം അപൂർവമായ രോഗാവസ്ഥകളിൽ കൃത്യമായ രോഗനിർണ്ണയവും സമയബന്ധിതമായ ചികിത്സയും ലഭ്യമാക്കിയാൽ മൃഗങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ജില്ലയിലുടനീളം അടിയന്തര വെറ്ററിനറി സേവനങ്ങൾ ഉറപ്പാക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് സജ്ജീകരിച്ചിട്ടുള്ളതാണ് മൊബൈൽ സർജറി യൂണിറ്റ്. 1962 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്കിംഗ് നടത്തുന്നവർക്ക് സർക്കാർ നിശ്ചയിച്ച ഫീസിൽ ഈ സേവനം ലഭ്യമാണ്.
ജില്ലയിൽ ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇതിനോടകം അഞ്ഞൂറിലധികം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

