അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിലെ നിർണായക ഘട്ടം പൂർത്തിയായി. പാതയിലെ ഏറ്റവും അവസാനത്തെ കോൺക്രീറ്റ് ഗർഡർ ഇന്നലെ അരൂരിൽ വിജയകരമായി ഉയർത്തി സ്ഥാപിച്ചു.
പദ്ധതിയുടെ ഭാഗമായുള്ള 2566–ാമത്തെ ഗർഡർ ആണ് ഇന്നലെ സ്ഥാപിച്ചത്. ഒന്നാം റീച്ചിൽ അരൂർ ശ്രീനാരായണ നഗറിനു സമീപമുള്ള 25, 26 തൂണുകൾക്കിടയിൽ ഇന്നലെ വൈകിട്ടോടെയാണ് ഗർഡർ മുകളിൽ കയറ്റുന്ന പ്രവൃത്തികൾ പൂർത്തിയായത്.
തുറവൂർ ആലയ്ക്കാപറമ്പിൽ നിന്നും അലങ്കരിച്ച പുള്ളർ ലോറിയിലാണ് അവസാന ഗർഡർ കരാർ കമ്പനി ജീവനക്കാരുടെ നേതൃത്വത്തിൽ അരൂർ ശ്രീനാരായണ നഗറിലെത്തിച്ചത്. തുടർന്ന് 250 ടൺ ശേഷിയുള്ള രണ്ട് ക്രെയ്നുകൾ ഉപയോഗിച്ച് ഇത് തൂണിനു മുകളിലേക്ക് ഉയർത്തുകയായിരുന്നു.
ചടങ്ങിൽ അശോക് ബിൽകോൺ ഡപ്യൂട്ടി ജനറൽ മാനേജർ ഓമനക്കുട്ടൻ നായർ, മാനേജർ ശ്രീലാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഗർഡറുകൾ യഥാസ്ഥാനത്ത് ഉറപ്പിക്കുന്ന പ്രവൃത്തികൾ വരുന്ന ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
ഗർഡർ ഉയർത്തുന്ന വേളയിൽ ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നു. എങ്കിലും, നിശ്ചിത അകലത്തിൽ ഇവ സ്ഥാപിക്കുന്ന മറ്റ് ജോലികൾ പുരോഗമിക്കുമ്പോൾ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം ഒരുവശത്തെ പാതയിലേക്ക് തിരിച്ചുവിട്ട് ക്രമീകരണം ഏർപ്പെടുത്തും.
മുൻകാലങ്ങളിൽ ലോഞ്ചിങ് ഗ്യാൻട്രി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളിൽ ഗർഡറുകൾ ഉയർത്തുന്നതും യഥാസ്ഥാനത്ത് ഉറപ്പിക്കുന്നതും ഒരേസമയം നടന്നിരുന്നു. എന്നാൽ ശ്രീനാരായണനഗറിനു സമീപം കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ചാണ് ഗർഡറുകൾ കയറ്റിയത് എന്നതിനാൽ ഇവ കൃത്യമായി ഉറപ്പിക്കുന്നതിന് അൽപ്പം കൂടി സമയം വേണ്ടിവരും.
തൂണിന് മുകളിൽ പടിഞ്ഞാറു ഭാഗത്തായാണ് പ്രഥമമായി ഗർഡറുകൾ സ്ഥാപിക്കുന്നത്. അരൂർ–തുറവൂർ ഉയരപ്പാതയ്ക്കായി ആകെ രണ്ടായിരത്തഞ്ഞൂറിലധികം ഗർഡറുകളാണ് ഉപയോഗിച്ചിട്ടുള്ളത്.
മൂന്ന് യാർഡുകളിലായി നിർമാണം പൂർത്തിയാക്കിയ ഈ ഗർഡറുകൾ അവിടെനിന്നും പുള്ളർ ലോറികൾ വഴിയാണ് തൂണുകളുടെ സമീപത്തേക്ക് എത്തിച്ചത്. 2023 ഫെബ്രുവരിയിൽ ആരംഭിച്ച നിർമാണം 2026 ഫെബ്രുവരിയിൽ പൂർത്തിയാക്കാനായിരുന്നു കരാർ വ്യവസ്ഥയെങ്കിലും, പ്രതികൂല കാലാവസ്ഥയും നിർമാണത്തിനിടയിൽ സംഭവിച്ച വിവിധ തടസ്സങ്ങളും കാരണം പദ്ധതി വൈകുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

