കായംകുളം∙ ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായി കൃഷ്ണപുരത്ത് സ്ഥാപിച്ച ബഡ്സ് സ്പെഷൽ സ്കൂളായ മനോവികാസ് കേന്ദ്രം വികസന മുരടിപ്പിൽ. 62 കുട്ടികൾ സ്കൂളിൽ ദിവസവും എത്തുന്നുണ്ട്.
2003 ൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.എ. അൻഷാദിന്റെ ശ്രമഫലമായി കൃഷ്ണപുരം പഞ്ചായത്തിൽ 10 -ാം വാർഡിലാണ് സ്കൂൾ ആരംഭിച്ചത്.
2003 ൽ 25 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി എം.എം.ഹസൻ എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. 2008 ൽ 20 കുട്ടികളുമായി പ്രവർത്തനമാരംഭിച്ചു.
കാഴ്ച പരിമിതിയും സെറിബ്രൽ പാൾസിയുമടക്കം വിവിധ വൈകല്യങ്ങളുള്ള കുട്ടികളുടെ മാനസിക വളർച്ചയാണ് ഇതിലൂടെ പഞ്ചായത്ത് ലക്ഷ്യമിട്ടത്. ഇവർക്ക് മെഴുകുതിരി നിർമാണം, തയ്യൽ പരിശീലനം, കവർ നിർമാണം, ചൂൽ നിർമാണം, ആഭരണം നിർമാണം, ഫ്ലോർ മാറ്റ് നിർമാണം തുടങ്ങിയ സ്വയം തൊഴിൽ പരിശീലനം നൽകുന്നുണ്ട്.
പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകിട്ട് ചായയും പലഹാരങ്ങളും എന്നിവയും നൽകുന്നുണ്ട്.
2010 ൽ സാമൂഹ്യ നീതി വകുപ്പ് സ്കൂൾ വാൻ അനുവദിച്ചു. എന്നാൽ, 2019 ന് ശേഷം ഗ്രാന്റ് ലഭിക്കാതായതോടെ സ്കൂളിന്റെ വികസന കുതിപ്പ് നിലച്ചു.
2010- 15 ൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പുതിയ സ്കൂൾ കെട്ടിടം നിർമിച്ചു.
2019 ൽ ഒന്നാം നിലയുടെ നിർമാണം ആരംഭിച്ചെങ്കിലും കഴിഞ്ഞ ആറ് വർഷമായി നിർമാണം പൂർത്തീകരിക്കാത്തത് കാരണം ക്ലാസ് മുറികൾ ചോർന്നൊലിക്കുന്ന അവസ്ഥയാണ്.ഇത് പരിഹരിക്കാൻ അഞ്ചു വർഷമായിട്ടും കഴിഞ്ഞിട്ടില്ല. ഗ്രാന്റ് ലഭിക്കാത്തത് കാരണം പഞ്ചായത്ത് ഫണ്ടിനെ ആശ്രയിച്ചാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇത് സ്കൂളിന്റെ വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
മുൻപ് രണ്ട് ഫിസിയോ തെറപ്പിസ്റ്റുകൾ ഉൾപ്പെടെ 9 ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പ്രിൻസിപ്പൽ, മൂന്ന് അധ്യാപകർ, രണ്ട് ആയമാരുൾപ്പെടെ ഏഴ് ജീവനക്കാരാണുള്ളത്. മുടങ്ങിക്കിടക്കുന്ന കെട്ടിട നിർമാണം പൂർത്തിയായാൽ മാത്രമേ സ്കൂളിന് മികച്ച നിലയിൽ പ്രവർത്തിക്കാനാവൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

