ആലപ്പുഴ ∙ ഉദയ ലവൽക്രോസിനു സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചതിനെ തുടർന്ന് എറണാകുളം–ആലപ്പുഴ പാസഞ്ചർ ഒരു മണിക്കൂറോളം മാരാരിക്കുളം സ്റ്റേഷനിൽ പിടിച്ചിട്ടതിൽ പ്രതിഷേധിച്ച് യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു. വാക്കേറ്റവും ബഹളവും രൂക്ഷമായതോടെ പൊലീസെത്തി യാത്രക്കാരെ ശാന്തരാക്കി.
ഇന്നലെ വൈകിട്ട് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ തട്ടിയാണ് ഒരാൾ മരിച്ചത്.
ഉദയ ലവൽക്രോസിനു സമീപമായിരുന്നു അപകടം. മരിച്ചത് 50 വയസ്സുള്ള പുരുഷനാണെന്നും ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മണ്ണഞ്ചേരി പൊലീസ് പറഞ്ഞു.
അപകടത്തിനു ശേഷം ലൈൻ വൃത്തിയാക്കുന്നതിനും മറ്റുമായി ആലപ്പുഴ സ്റ്റേഷനിൽ കൊച്ചുവേളി–മൈസൂർ, തിരുവനന്തപുരം–ഷാലിമാർ ട്രെയിനുകൾ പിടിച്ചിട്ടു.
ഇതോടൊപ്പം എറണാകുളത്തു നിന്ന് 6.25ന് പുറപ്പെട്ട ആലപ്പുഴ പാസഞ്ചർ ട്രെയിൻ 7.40ന് മാരാരിക്കുളം സ്റ്റേഷനിൽ എത്തിയെങ്കിലും ഇതും പോകാൻ അനുവദിച്ചില്ല.
കൊച്ചുവേളി–മൈസൂർ ട്രെയിനും പിന്നാലെ തിരുവനന്തപുരം–ഷാലിമാർ ട്രെയിനും കടത്തിവിട്ട ശേഷമാണ് രാത്രി 8.45ന് ആലപ്പുഴ പാസഞ്ചർ പോകാൻ അനുവദിച്ചത്.
എറണാകുളം–ആലപ്പുഴ പാസഞ്ചർ പിടിച്ചിടുന്നത് പതിവായതിനാൽ അത്തരമൊരു നടപടിയാണെന്നായിരുന്നു യാത്രക്കാർ കരുതിയത്. യാത്രക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് പരിശോധനയ്ക്കു ശ്രമിച്ചതും യാത്രക്കാരെ പ്രകോപിതരാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

