സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. വിപണിയിൽ ഇന്ന് പവന് 880 രൂപ വർധിച്ച് വില 1,13,920 രൂപയിലെത്തി.
കൂടാതെ, ഗ്രാമിന് 110 രൂപ കൂടി വർധിച്ച് 14,240 രൂപയാണ് പുതിയ നിരക്ക്. കൂടാതെ, കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ ഉയർന്ന് 11,700 രൂപയായിട്ടുണ്ട്.
അതേസമയം, വെള്ളിവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 250 രൂപയാണ് വെള്ളിയുടെ വിപണി നിരക്ക്.
യുഎസിന്റെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്കുകൾ വെള്ളിയാഴ്ച പുറത്തുവരാനിരിക്കെയാണ് ഈ വിലക്കയറ്റം. കണക്കുകൾ എന്താകുമെന്ന ആകാംക്ഷ ശക്തമായിരിക്കുന്നതിനിടയിൽ, ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് സ്വർണവില ഉയരാൻ കാരണമായത്.
രാജ്യാന്തര വിപണിയിൽ ഇന്നലെ ഔൺസിന് 4400 ഡോളറിനും താഴെ എത്തിയിരുന്ന സ്വർണവില, ഇപ്പോൾ 27 ഡോളർ നേട്ടത്തോടെ 4439 ഡോളറിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. പണപ്പെരുപ്പം കുറയുകയാണെങ്കിൽ അടിസ്ഥാന പലിശനിരക്ക് കൂട്ടാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് തയാറാവില്ല.
എന്നാൽ പണപ്പെരുപ്പം കൂടിയാൽ പലിശഭാരം കൂട്ടിയേക്കാം. യുഎസിന്റെ അടിസ്ഥാന പലിശനിരക്ക് ഉയർന്നാൽ ആനുപാതികമായി യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് (ബോണ്ട് യീൽഡ്) വർധിക്കുകയും ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയരുകയും ചെയ്യും.
ബോണ്ടിലും ബാങ്കിലും പണമിട്ടാൽ മികച്ച നേട്ടം ലഭിക്കുന്ന സ്ഥിതിവന്നാൽ നിക്ഷേപകർ സ്വർണത്തിൽ നിന്നുള്ള നിക്ഷേപങ്ങൾ പിൻവലിച്ച് മറ്റ് മാർഗങ്ങളിലേക്ക് തിരിയാൻ സാധ്യതയുണ്ട്. രാജ്യാന്തര സ്വർണ വ്യാപാരം ഡോളറിലാണ് നടക്കുന്നത് എന്നതിനാൽ ഡോളർ കരുത്താർജിക്കുന്നത് സ്വർണ വിപണിക്ക് തിരിച്ചടിയാകാറുണ്ട്.
എന്നാൽ, പണപ്പെരുപ്പം താഴുകയും പലിശനിരക്ക് കൂട്ടാനുള്ള നീക്കം ഒഴിവാകുകയും ചെയ്താൽ സ്ഥിതിമാറും. ഡോളറും ബോണ്ട് യീൽഡും തളരുകയും ബാങ്ക് നിക്ഷേപങ്ങൾ അനാകർഷകമായി മാറുകയും ചെയ്യുമ്പോൾ ഗോൾഡ് ഇടിഎഫുകളിലേക്ക് നിക്ഷേപമൊഴുകും.
ആഭരരണമെന്ന നിലയിലും സ്വർണത്തിന് ആവശ്യകതയേറുകയും വില ഉയരുകയും ചെയ്യും. ഫലത്തിൽ, പണപ്പെരുപ്പം സംബന്ധിച്ച അനിശ്ചിതത്വമാണ് ഇപ്പോൾ ഡോളറിനെ താഴെയിറക്കുകയും സ്വർണത്തെ ഉയർത്തുകയും ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

