ആലപ്പുഴ ∙ തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്കു നടൻ വിജയ് അടുക്കുമ്പോൾ ആലപ്പുഴയ്ക്കുമുണ്ട് വിജയ് ഓർമകൾ. അനിയത്തിപ്രാവിന്റെ തമിഴ് പതിപ്പായ കാതലുക്ക് മര്യാദയുടെ ഷൂട്ടിങ് ഭൂരിഭാഗവും ആലപ്പുഴയിലായിരുന്നു.
അനിയത്തിപ്രാവ് സൂപ്പർ ഹിറ്റാക്കിയ സംവിധായകൻ ഫാസിൽ തന്നെയാണു വിജയിനെ നായകനാക്കി തമിഴ് ചിത്രവും സംവിധാനം ചെയ്തത്. അതിൽ നായികയുടെ വീടാക്കിയത് അനിയത്തിപ്രാവിലെ അതേ വീടു തന്നെ, ആലപ്പുഴ നഗരത്തിൽ റിക്രിയേഷൻ ഗ്രൗണ്ടിനു സമീപത്ത്.
കാതലുക്ക് മര്യാദയ്ക്കു ശേഷം കണ്ണുക്കുൾ നിലാവ് എന്ന ചിത്രവും വിജയിനെ നായകനാക്കി ഫാസിൽ സംവിധാനം ചെയ്തു.
അതിന്റെയും പ്രധാന ലൊക്കേഷൻ ആലപ്പുഴയായിരുന്നെന്നു സിനിമ പ്രൊഡക്ഷൻ കൺട്രോളർ എ.കബീർ ഓർത്തെടുക്കുന്നു. ആലപ്പുഴയെ കൂടാതെ പൊള്ളാച്ചിയും കൊടൈക്കനാലുമായിരുന്നു മറ്റു ലൊക്കേഷനുകൾ.
കണ്ണുക്കുൾ നിലാവിൽ വീടിനുള്ളിലെ ചില രംഗങ്ങൾ മുഹമ്മയിലെ ഒരു വീട്ടിലാണു ഷൂട്ട് ചെയ്തത്. ആ സമയത്തു ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട
വി.എം.സുധീരൻ ആഹ്ലാദപ്രകടനത്തിനിടെ ഷൂട്ടിങ് സ്ഥലത്തെത്തിയിരുന്നു.
മറ്റൊരു വിജയ് ചിത്രമായ സുറൈയുടെ ഷൂട്ടിങ് തോട്ടപ്പള്ളിയിൽ ആരംഭിച്ചിരുന്നു. തെങ്കാശിയിൽ നിന്നും മറ്റും ആരാധകർ ബസുകളിൽ തോട്ടപ്പള്ളിയിലേക്ക് എത്തി തിരക്കായതോടെ ഷൂട്ടിങ് മുടങ്ങി.
മറ്റേതോ തീരത്താണു ബാക്കി ഷൂട്ട് ചെയ്തത്. വിജയ്യുടെ പ്രധാന ഭക്ഷണമായ ഓമയ്ക്ക ചെന്നൈയിൽ നിന്നു ട്രെയിനിൽ കൊണ്ടുവരികയാണു ചെയ്തിരുന്നത്.
അന്ന് ഓമയ്ക്ക ആലപ്പുഴയിൽ സുലഭമല്ലായിരുന്നു. ഈ സിനിമയ്ക്കായി അമ്പലപ്പുഴ ടൗൺ ഹാൾ കോടതിയായി സെറ്റ് ഇട്ടിരുന്നു.
അന്ന് എംഎൽഎയായിരുന്ന ഡി.സുഗതൻ ഷൂട്ടിങ് കാണാൻ എത്തിയിട്ടുണ്ട്.
അർത്തുങ്കൽ പള്ളിയിൽ സിനിമ ഷൂട്ട് ചെയ്തതാണു മറ്റൊരു സംഭവം. അർത്തുങ്കലിൽ വിജയ്യെ കൊണ്ടുവരണമെന്നു മാതാപിതാക്കൾക്ക് ആഗ്രഹമുണ്ടായിരുന്നു.
ഷൂട്ടിങ്ങിന് ആലപ്പുഴയിലേക്കു വന്നപ്പോൾ ഒരു സീൻ പള്ളിയിലും ഷൂട്ട് ചെയ്ത് ആഗ്രഹം സഫലമാക്കി. ഈ രംഗം സിനിമയിലുമുണ്ട്.
ഷൂട്ടിങ് സ്ഥലത്ത് വലിയ സംസാരമില്ലാതെ പുസ്തകം വായിച്ചിരിക്കുകയാണു വിജയ് മിക്കപ്പോഴും ചെയ്തിരുന്നതെന്നും കബീർ ഓർക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

