ചെങ്ങന്നൂർ ∙ ശുദ്ധജലപദ്ധതിക്കു പൈപ്പിടാനായി എടുത്ത കുഴികൾ മൂടാത്തത് അപകടക്കെണിയാകുന്നു. മുളക്കുഴ പെരിങ്ങാല–ആലിൻചുവട് റോഡരികിലും വായനശാല–പിരളശേരി റോഡരികിലും അപകടങ്ങൾ പതിവാണ്.
കിഫ്ബി ശുദ്ധജലപദ്ധതിക്കായി സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി പെരിങ്ങാലാ-ആലിൻ ചുവട് റോഡരികിൽ കുഴിയെടുത്ത് പൈപ്പിട്ടുമൂടി. എന്നാൽ തുടർച്ചയായി മഴ പെയ്തതിനാൽ ഉയർന്ന ഭാഗത്തു നിന്ന് മണ്ണ് താഴേക്ക് ഒഴുകിപ്പോയി.
റോഡിന്റെ ഇരുവശവും കുഴിച്ചുമൂടിയതിനാൽ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടാണ്.
ചിലയിടത്തു 3.5 മീറ്ററും ചിലയിടത്ത് 3 മീറ്ററുമായി റോഡ് ചുരുങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഒരു ഓട്ടോ കുഴിയിൽ വീഴുകയും മൂന്ന് ബൈക്ക് യാത്രക്കാർ തെന്നിവീഴുകയും ചെയ്തിരുന്നു.
വീടുകളിൽ നിന്ന് റോഡിലേക്ക് വാഹനങ്ങൾ ഇറക്കുന്ന ഭാഗം ശരിയായി മൂടാത്തതും അപകടത്തിനിടയാക്കുന്നു.
പെരിങ്ങാല ദേവീ ക്ഷേത്രത്തിനു(വായനശാല) പിന്നിലൂടെ പിരളശ്ശേരിയിയിലേക്കുള്ള വഴി കുഴിച്ച് പൈപ്പിട്ടതിനു ശേഷം ഇതുവഴി കടന്നുപോകാനാകാത്ത സ്ഥിതിയാണ്. അതേസമയം പൈപ്പിട്ട ഭാഗങ്ങളിൽ ഗ്രാനുലാർ സബ് ബേസ് (ജിഎസ്ബി) ഇട്ടുമൂടുന്ന ജോലികൾ നടന്നു വരികയാണെന്നും മുഴുവൻ സ്ഥലങ്ങളിലും കുഴികൾ മൂടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

