മങ്കൊമ്പ് ∙ കുട്ടനാടൻ ജലാശയങ്ങളിൽ വീണ്ടും പോള നിറഞ്ഞു ജലഗതാഗതവും നീരൊഴുക്കും തടസ്സപ്പെടുന്നു. തണ്ണീർമുക്കം ഷട്ടർ അടച്ചതോടെ കാര്യമായ നീരൊഴുക്കില്ലാത്തതു പോള നിറയാൻ കാരണമായിട്ടുണ്ട്.
മാർച്ച് 15നു ശേഷം മാത്രമേ ഇനി തണ്ണീർമുക്കം ഷട്ടർ തുറക്കൂ. ഈ സമയം വരെ കാര്യമായ നീരൊഴുക്കു കാണുകയില്ല.
പോളവാരി തെളിച്ചിട്ട പല തോടുകളിലും ഇപ്പോൾ വീണ്ടും പോള നിറയുകയാണ്.
പാടശേഖരങ്ങളിൽ നിന്നു പുറംതള്ളുന്ന രാസവളം അടങ്ങിയ വെള്ളവും പോളയുടെ വളർച്ച കൂട്ടുന്നുണ്ട്. പഞ്ചായത്തുകൾ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പോള നീക്കം ചെയ്ത സ്ഥലങ്ങളിലും വീണ്ടും വളർന്നു തുടങ്ങി.
ഒഴുക്കു നിലച്ചതിനാൽ ജലാശയങ്ങളിൽ പോള കെട്ടിക്കിടക്കാനുള്ള സാധ്യതയുമുണ്ട്. പോളയ്ക്കു മുകളിലൂടെ പുല്ലുകൂടി വളർന്നാൽ അതു നീക്കം ചെയ്യാൻ പ്രയാസമേറും.
യന്ത്രസഹായത്തിനുൾപ്പെഏറെ സാമ്പത്തികം മുടക്കേണ്ടി വരും. ബന്ധപ്പെട്ടവർ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മുൻ വർഷങ്ങളിൽ കാവാലത്താറ്റിലെ ജങ്കാർ സർവീസിനെ പോലും പോള സാരമായി ബാധിച്ചിരുന്നു.
ഈ വർഷവും സമാന സാഹചര്യമുണ്ടായേക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. കൂടാതെ കായൽ മേഖലയിലെ നെല്ലുസംഭരണത്തെയും വിളവെടുപ്പിനെയും പോള ബാധിക്കും.
കായൽ മേഖലയിൽ വള്ളത്തിലും ജങ്കാറിലുമാണു ചരക്കുനീക്കം നടത്തുന്നത്.
കൊയ്ത്തുയന്ത്രങ്ങൾ ജങ്കാറുകളിലാണ് എത്തിക്കുന്നത്.ലോറി എത്തുന്ന കടവു വരെ വള്ളത്തിലാണു വിളവെടുക്കുന്ന നെല്ല് എത്തിക്കുന്നത്. ഏകദേശം ഒരു കിലോമീറ്റർ നീളത്തിൽ പോള നിറഞ്ഞു കിടന്ന മങ്കൊമ്പ് ക്ഷേത്രം തോട്ടിലെ പോളയും പുല്ലും പഞ്ചായത്തിന്റെ സഹായത്തോടെ യന്ത്രത്താൽ നീക്കം ചെയ്തിരുന്നു. ഇതിനൊപ്പം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പോള നീക്കം ചെയ്തശേഷം പ്രദേശവാസികളായ പറപ്പള്ളി ബേബിച്ചനും രണ്ടരയിൽ രാരിച്ചനും ചേർന്നു തോടിന്റെ ശുചീകരണം സ്വയം ഏറ്റെടുക്കുകയായിരുന്നു.
തോട്ടിൽ പോള എത്തുമ്പോൾ തന്നെ നീക്കം ചെയ്യാൻ ഇരുവരും മുന്നിട്ടിറങ്ങും. തോടിന്റെ വശങ്ങളിലെ പുല്ലും ഇതോടൊപ്പം നീക്കം ചെയ്യുന്നതിനാൽ തോടു തെളിഞ്ഞു കിടക്കുകയാണ്.
ഇരുവരും സ്വന്തം വള്ളത്തിൽ പോയി പോള ശേഖരിച്ചു സ്വന്തം പുരയിടത്തിൽ തന്നെ ഇറക്കിയിടും.പോള ഉണങ്ങി കഴിയുമ്പോൾ ജൈവവളമാക്കി കൃഷി ചെയ്യും.ഓരോ പഞ്ചായത്തിലെയും സേവന സന്നദ്ധരായ ആളുകളെ കണ്ടെത്തി തോടിന്റെ പരിപാലനം അവരെ ഏൽപ്പിച്ചാൽ നാട്ടു തോടുകളിലെ പോളശല്യം ഒഴിവാക്കാനാകും.
പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പോള നീക്കം ചെയ്തശേഷം തോടിന്റെ പരിപാലനം ഇവരെ ഏൽപ്പിക്കണം.ഇവരെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി വർഷം മുഴുവൻ ജോലി ചെയ്യുന്നവർക്കു വരുമാനവും നൽകാം.
ചെറിയ തോടുകളിൽ ഒരു കിലോമീറ്റർ പരിധിയിൽ 2 പേരെന്ന രീതിയിൽ വർഷത്തിൽ 100 തൊഴിൽ ദിനം നൽകി തോടിന്റെ പരിപാലനം നൽകാം.കൂടാതെ വിവിധ ഏജൻസികൾ പോളയിൽ നിന്നു ജൈവ വളം ഉൽപ്പാദിപ്പിക്കാൻ വനിതകളെ പരിശീലിപ്പിക്കുന്നുണ്ട്. പുളിങ്കുന്നിൽ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ 13 വനിതകൾക്കാണ് ജൈവ വളം ഉൽപ്പാദിപ്പിക്കാൻ പരിശീലനം നൽകുന്നത്. ഇതേ മാതൃക എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കിയാൽ വനിതകൾക്കു വരുമാനം കണ്ടെത്തുന്നതിനു സഹായമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

