അമ്പലപ്പുഴ∙ കഴുത്തിൽ കത്തിവച്ച് സ്വർണമാല വലിച്ചുപൊട്ടിക്കാനുള്ള മോഷ്ടാവിന്റെ ശ്രമം വീട്ടമ്മ ചെറുത്തപ്പോൾ മാല വലിച്ചെറിഞ്ഞു മോഷ്ടാവ് കടന്നുകളഞ്ഞു. മോഷ്ടാവ് കാക്കാഴം വെണ്ണല പറമ്പ് പത്മകുമാറിനെ (39) മണിക്കൂറുകൾക്കുള്ളിൽ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കോമന ശിവനന്ദനത്തിൽ മഹിളാമണിയുടെ (76) സ്വർണമാലയാണ് ഇന്നലെ രാവിലെ 7.15നു വീടിനു സമീപത്തെ പ്ലാക്കുടി ലെയ്ൻ റോഡിൽവച്ചു വലിച്ചു പൊട്ടിച്ചത്.
ക്ഷേത്ര ദർശനം കഴിഞ്ഞു വീട്ടിലേക്കു വരികയായിരുന്നു മഹിളാമണി. കയ്യിൽ കരുതിയിരുന്ന കത്തിയുമായി അടുത്തെത്തിയ പ്രതി റോഡരികിലെ ഭിത്തിയിലേക്കു മഹിളാമണിയെ ചേർത്തുനിർത്തി.
തുടർന്നു മഹിളാമണിയുടെ കഴുത്തിൽ കത്തിവച്ച ശേഷം മാല വലിച്ചു പൊട്ടിച്ചു.
ഇതിനിടെ മഹിളാമണി കത്തി ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങി ഉച്ചത്തിൽ ബഹളം വച്ചു. പ്രദേശവാസികൾ ഓടി കൂടിയപ്പോൾ സമീപത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിലേക്ക് മോഷ്ടാവ് ഓടി കയറി.
അവിടെ നിന്നും ഇയാൾ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് ഓടിപ്പോയി. പ്രദേശത്തെ നിരീക്ഷണ ക്യാമറകളിലും മോഷ്ടാവിന്റെ ഓടുന്ന ദൃശ്യങ്ങൾ തെളിഞ്ഞു.
പ്രതിയെ രാവിലെ 10നു അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മഹിളാമണിയുടെ വലതു കഴുത്തിനു നേരിയ മുറിവുണ്ട്.
അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. ഒന്നേകാൽ പവൻ തൂക്കം വരുന്ന മാലയും താലിയും പിന്നീട് വഴിയരികിൽനിന്നു കിട്ടി.
ഇതിനു മുൻപും മോഷണം, ലഹരിമരുന്നു വിൽപന കേസുകളിൽ ഇയാൾ പ്രതിയാണെന്നു പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

