വിദേശരാജ്യങ്ങളിൽ ലഭിക്കുന്ന ഉയർന്ന ശമ്പളം ഇന്ത്യൻ രൂപയിലേക്ക് നേരിട്ട് മാറ്റി നോക്കി വലിയ വരുമാനമെന്ന് കണക്കാക്കരുതെന്ന് ഫിൻലൻഡിൽ കഴിയുന്ന ഇന്ത്യൻ വംശജന്റെ മുന്നറിയിപ്പ്. അത്തരമൊരു സാമ്പത്തിക വിലയിരുത്തൽ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
പൊതുവെ വിദേശത്ത് ലഭിക്കുന്ന ശമ്പളത്തെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലേക്ക് പരിവർത്തനം ചെയ്ത് നോക്കുന്ന പ്രവണതയുണ്ട്. എന്നാൽ ഇത് യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
ഇൻസ്റ്റഗ്രാമിലെ @sharedtales_journal എന്ന അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. നിലവിലെ വിനിമയ നിരക്കനുസരിച്ച് ഒരു യൂറോയ്ക്ക് ഏകദേശം 110 രൂപ ലഭിക്കുന്ന സാഹചര്യത്തിൽ, 1,500 യൂറോ ശമ്പളം എന്നത് ഇന്ത്യൻ കറൻസിയിൽ ഒന്നര ലക്ഷം രൂപയാണെന്ന് തോന്നാം.
എന്നാൽ, കറൻസിയെ നേരിട്ട് ഇത്തരത്തിൽ പരിവർത്തനം ചെയ്യുന്നത് ഒരു രാജ്യത്തെ ശമ്പളത്തിന്റെ യഥാർഥ മൂല്യം വ്യക്തമാക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. യൂറോപ്പിലെ ഉയർന്ന ജീവിതച്ചെലവും യഥാർഥ വാങ്ങൽശേഷിയും വിശദീകരിച്ചുകൊണ്ടാണ് ഈ വിഷയം അവതരിപ്പിച്ചത്.
ഇതിനായി അദ്ദേഹം ദൈനംദിന ചെലവുകളുടെ ഉദാഹരണവും നൽകുന്നുണ്ട്. യൂറോപ്പിൽ 100 യൂറോ ഉപയോഗിച്ച് പരമാവധി ഒന്നോ രണ്ടോ ദിവസത്തെ ചെലവുകൾ മാത്രമേ നടത്താനാകൂവെന്ന് വീഡിയോയിൽ അവകാശപ്പെടുന്നു.
അതേസമയം, അതേ തുക ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ലഭിക്കുന്ന 10,000 മുതൽ 11,000 രൂപ ഉപയോഗിച്ച് ഇന്ത്യയിൽ രണ്ടാഴ്ചത്തേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇവിടെയാണ് Purchasing Power Parity (PPP) അഥവാ വാങ്ങൽശേഷി സമത്വം പ്രസക്തമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു രാജ്യത്ത് ലഭിക്കുന്ന ശമ്പളത്തെ മറ്റൊരു രാജ്യത്തെ കറൻസിയിലേക്ക് മാത്രം മാറ്റി താരതമ്യം ചെയ്യുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും. യഥാർഥ സാമ്പത്തിക സ്ഥിതി വിലയിരുത്താൻ പ്രാദേശിക ജീവിതച്ചെലവ് കൂടി കണക്കിലെടുക്കണം.
ഫിൻലൻഡിൽ 1,500 യൂറോയോ 2,000 യൂറോയോ ശമ്പളമുണ്ടെന്ന് കേൾക്കുമ്പോൾ അത് രണ്ട് ലക്ഷമോ രണ്ടര ലക്ഷമോ രൂപയായി തോന്നാമെങ്കിലും, വാടക, ഭക്ഷണം, ഗതാഗതം തുടങ്ങിയ ചെലവുകൾ വരുമ്പോൾ യഥാർഥ സാഹചര്യം തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. വിദേശ ജോലിയുടെ ശമ്പളം വിലയിരുത്തുമ്പോൾ വിനിമയ നിരക്കിനേക്കാൾ വാങ്ങൽശേഷിക്കും ജീവിതച്ചെലവിനുമാണ് മുൻഗണന നൽകേണ്ടതെന്ന ചർച്ചയ്ക്കാണ് ഈ വീഡിയോ വഴിയൊരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

