പ്രമേഹവും ശാരീരിക അവശതകളും തീർത്ത പ്രതിസന്ധികളെ അതിജീവിച്ച് മാതൃകാപരമായ പോരാട്ടം നടത്തിയ എസ്.ദീപു ഔദ്യോഗികമായി അഭിഭാഷകനായി എൻറോൾ ചെയ്തു. ആജീവനാന്തമുള്ള രോഗങ്ങളോടും ദുരിതങ്ങളോടും പൊരുതി നിയമബിരുദം സ്വന്തമാക്കിയ ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റായ 48 കാരനായ എസ്.ദീപു ഇന്നലെയാണ് ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തത്.
2015ൽ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ജീവിതത്തെ പിടിച്ചുലച്ച ആരോഗ്യപ്രശ്നങ്ങൾ തുടക്കമാകുന്നത്. പ്രമേഹ ബാധയെ തുടർന്ന് കണ്ണുകളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ടതിനെ തുടർന്ന് തന്റെ 36–ാം വയസ്സിൽ വലതുകണ്ണിന്റെയും പിന്നാലെ ഇടതുകണ്ണിന്റെയും കാഴ്ച ശക്തി അദ്ദേഹത്തിന് നഷ്ടമായി.
ആ കാലഘട്ടത്തെക്കുറിച്ച് എസ്.ദീപു പറയുന്നത് “നേരിയ നിഴൽ പോലെയാണ് അന്ന് എല്ലാം കണ്ടിരുന്നത് എന്നാണ്”. എന്നാൽ തന്റെ കാഴ്ചക്കുറവിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
തങ്ങളെ കണ്ടിട്ടും ഭാവവ്യത്യാസമില്ലാതെ കടന്നുപോയെന്നുള്ള നാട്ടുകാരുടെ പരാതികൾ അദ്ദേഹം മൗനത്തോടെ നേരിട്ടു. തുടർന്ന് നടത്തിയ മൂന്ന് ശസ്ത്രക്രിയകൾക്കൊടുവിലും വലതുകണ്ണിന്റെ കാഴ്ച തിരികെ ലഭിച്ചില്ല.
ഇടതുകണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടാനുള്ള സാധ്യത ഡോക്ടർമാർ തള്ളിക്കളഞ്ഞുവെങ്കിലും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ തീരുമാനിച്ചു. 2019ൽ നടത്തിയ ആ ശസ്ത്രക്രിയയിലൂടെ ഇടതുകണ്ണിന്റെ കാഴ്ച വെളിച്ചം വീണ്ടും അദ്ദേഹത്തിന് ലഭിച്ചു.
ആ ആത്മവിശ്വാസത്തിൽ അദ്ദേഹം പൊതുപ്രവർത്തന രംഗത്തേക്ക് ശക്തമായി തിരിച്ചുവന്നു. എന്നാൽ തൊട്ടടുത്ത വർഷം അതായത് 2020 ഡിസംബറിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അടുത്ത ആഘാതമെത്തി.
നിശബ്ദമായി എത്തിയ ഹൃദയാഘാതം മൂലം കാലിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ടു. മാസങ്ങളോളം നീണ്ട
ആശുപത്രിവാസവും കാലിൽ നടത്തിയ നാല് മുതൽ അഞ്ച് വരെയുള്ള ശസ്ത്രക്രിയകൾക്കും ഒടുവിൽ അദ്ദേഹത്തിന്റെ വലതുകാൽ മുട്ടിനു താഴെവെച്ച് നീക്കം ചെയ്യേണ്ടി വന്നു. അവിടംകൊണ്ടും വെല്ലുവിളികൾ അവസാനിച്ചില്ല.
ഹൃദയത്തിലെ ബ്ലോക്കുകൾ നീക്കം ചെയ്യുന്നതിനായി ഓപ്പൺ ഹാർട്ട് സർജറിക്കും അദ്ദേഹം വിധേയനായി. തുടർന്ന് 2022ൽ കൃത്രിമക്കാലുമായി അദ്ദേഹം വീണ്ടും ആലപ്പുഴയുടെ പൊതുവേദികളിൽ സജീവമായി നിറഞ്ഞു നിന്നു.
2011ൽ തിരുപ്പതി അംബേദ്കർ ഗ്ലോബൽ ലോ ഇൻസ്റ്റിറ്റ്യൂട്ടിൽ എൽഎൽബി കോഴ്സിന് ചേർന്നുവെങ്കിലും കടുത്ത രോഗാവസ്ഥ കാരണം പഠനം മുടങ്ങിപ്പോയിരുന്നു. എന്നാൽ രണ്ടു വർഷം മുൻപ് മുടങ്ങിക്കിടന്ന ആ പഠനം അദ്ദേഹം വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
ശരീരത്തിന്റെ തളർച്ചകളെയും പൊതുപ്രവർത്തനത്തിലെ തിരക്കുകളെയും ഒരേസമയം തോൽപ്പിച്ചാണ് അദ്ദേഹം ഇപ്പോൾ നിയമബിരുദം നേടിയെടുത്തിരിക്കുന്നത്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള എസ്.ദീപു കഴിഞ്ഞ പത്തു വർഷമായി യുവജനക്ഷേമ ബോർഡ് അംഗമാണ്.
തുടർച്ചയായി 13 വർഷം യൂത്ത് കോൺഗ്രസ് ജില്ലാ, ലോക്സഭാ മണ്ഡലം കമ്മിറ്റികളുടെ പ്രസിഡന്റായി പ്രവർത്തിച്ച റെക്കോർഡും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടി.സിദ്ദീഖ്, എം.ലിജു, പി.സി.വിഷ്ണുനാഥ്, ഡീൻ കുര്യാക്കോസ് എന്നിവർ സംസ്ഥാന പ്രസിഡന്റുമാരായിരുന്ന കാലയളവിലായിരുന്നു അദ്ദേഹം ജില്ലാ അധ്യക്ഷനായി സേവനം അനുഷ്ഠിച്ചത്.
നിലവിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സ്ഥാപിച്ച സബർമതി സ്പെഷൽ സ്കൂളിന്റെ സിഇഒ എന്ന നിലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

