മാവേലിക്കര ∙ ഉപജില്ലാ കലോത്സവ വേദിയിലെ ഭക്ഷണശാലയ്ക്ക് എതിരെ ബിജെപി പ്രതിഷേധം, അനുമതിയോടെ ആരംഭിച്ച സ്റ്റാളിൽ ബിജെപി അക്രമംനടത്തിയെന്നു പിടിഎ. ഉപജില്ലാ കലോത്സവ വേദിയായ ഗവ.ഗേൾസ് എച്ച്എസ്എസിൽ ഇന്നലെ ഉച്ചയോടെയാണു സംഭവം.
വൃത്തിഹീനമായ സ്ഥലത്തു പ്രവർത്തിക്കുന്ന അനധികൃത ഭക്ഷണശാലയിൽ അമിതവില ഈടാക്കുന്നു എന്നാരോപിച്ചെത്തിയ ബിജെപി പ്രവർത്തകർ പ്രിൻസിപ്പലിനെയും പ്രധാനാധ്യാപികയെയും ഉപരോധിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഭക്ഷണശാല അടയ്ക്കാൻ നിർദേശിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്എഫ്ഐ, സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരുമായി നേരിയ സംഘർഷം ഉണ്ടായി.
സ്കൂളിൽ നിന്നു വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്ന നിർധനരായ വിദ്യാർഥികൾക്കു സഹായം ലഭ്യമാക്കാനുള്ള ധനസമാഹരണാർഥം പിടിഎയുടെ അനുമതിയോടെ എസ്പിസി, എൻഎസ്എസ്, സ്കൂൾ പാർലമെന്റ് എന്നിവരുടെ നേതൃത്വത്തിലാണു സ്റ്റാൾ ആരംഭിച്ചത്. എന്നാൽ സ്ഥലത്തെത്തിയ ബിജെപി പ്രവർത്തകർ അനുവാദമില്ലാതെ പെൺകുട്ടികളുടെ വിഡിയോ പകർത്തുകയും ഭക്ഷണം നശിപ്പിക്കുകയും ചെയ്തതായി പിടിഎ ആരോപിച്ചു. സംഭവത്തിൽ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധിച്ചു.
സ്കൂൾ വളപ്പിൽ ഭക്ഷണശാല ആരംഭിക്കാനായി അനുമതിയില്ലാതെ ഷെഡ് നിർമിച്ചെന്നു ചൂണ്ടിക്കാട്ടി പ്രധാനാധ്യാപിക നൽകിയ കത്തുപ്രകാരം ഡപ്യൂട്ടി ഡയറക്ടർ, ഡിഇഒ എന്നിവർക്കു പരാതി നൽകാൻ നിർദേശിച്ചിരുന്നതായി നഗരസഭ ചെയർമാൻ നൈനാൻ സി.കുറ്റിശേരിൽ പറഞ്ഞു.
ബിജെപി കൗൺസിലർക്കെതിരെ പ്രതിഷേധവുമായി സിപിഎം
ഉപജില്ലാ കലോത്സവ വേദിയിൽ ബിജെപി പ്രതിനിധിയായ നഗരസഭ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകരെത്തി വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും ഭക്ഷണം വലിച്ചെറിയുകയും മണ്ണുവാരി ഇടുകയും ചെയ്തെന്ന ആരോപണവുമായി സിപിഎം രംഗത്ത്. അക്രമികൾക്കെതിരെ അടിയന്തര നിയമനടപടി ഉണ്ടാകണമെന്നും സിപിഎം മാവേലിക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
ബിജെപി പ്രതിഷേധയോഗം
സ്വകാര്യ വ്യക്തിയുടെ അനധികൃത ഭക്ഷണശാലയ്ക്കെതിരെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, നഗരസഭ അധ്യക്ഷൻ എന്നിവർക്കു പ്രധാനാധ്യാപിക പരാതി നൽകിയിട്ടും സ്ഥാപനം പ്രവർത്തിച്ചതിൽ പ്രതിഷേധിച്ചാണു ഉപരോധം നടത്തിയതെന്നു ബിജെപി നേതാക്കൾ പറഞ്ഞു. ബിജെപി നടത്തിയ പ്രതിഷേധ യോഗം മണ്ഡലം പ്രസിഡന്റ് കെ.വി.അരുൺ ഉദ്ഘാടനം ചെയ്തു.
ടൗൺ തെക്ക് ഏരിയ പ്രസിഡന്റ് സുജിത് ആർ.പിള്ള അധ്യക്ഷനായി. നഗരസഭ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ എസ്.രാജേഷ്, സംസ്ഥാന കൗൺസിൽ അംഗം സുധീഷ് ചാങ്കൂർ, മണ്ഡലം ജനറൽ സെക്രട്ടറി മോഹൻ കുമാർ,യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് എസ്.ജയശങ്കർ, മണ്ഡലം പ്രസിഡന്റ് മുരളി കൃഷ്ണൻ, ഏരിയ ജനറൽ സെക്രട്ടറി ശിവശങ്കർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

