ആലപ്പുഴ ∙ തണ്ണീർമുക്കം സ്വദേശിയായ 10 വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം (മെനിഞ്ചോ എൻസെഫലൈറ്റിസ്) സ്ഥിരീകരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 23ാം വാർഡുകാരനായ 10 വയസ്സുകാരൻ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ രണ്ടു ദിവസമായി ചികിത്സയിലാണ്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടി ഉൾപ്പെടെ നാലംഗ കുടുംബം ഒരു മാസത്തോളം മുൻപു വിദേശത്തു നിന്നു നാട്ടിലെത്തിയതാണ്. രണ്ടു കുട്ടികളിൽ ഇളയയാൾക്കാണു രോഗം ബാധിച്ചത്.
കുട്ടി നാട്ടിലെത്തിയ ശേഷം പള്ളിപ്പുറത്തുള്ള അമ്മയുടെ വീട്ടിലും വാരനാട്ടുള്ള വീട്ടിലുമായി മാറി മാറിയാണ് താമസിച്ചിരുന്നത്. എവിടെനിന്നാണു രോഗം പിടിപെട്ടുന്നു വ്യക്തമല്ല.
റിസോർട്ടിലെ നീന്തൽ കുളത്തിൽ നിന്നാണോയെന്നും പരിശോധിക്കുന്നുണ്ട്.
സംസ്ഥാനത്ത് ആദ്യമായി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത് ആലപ്പുഴയിലാണ്. പള്ളാത്തുരുത്തി സ്വദേശിയായ 16 വയസ്സുകാരൻ അക്ബർ 2016 മാർച്ചിലും പാണാവള്ളി സ്വദേശിയായ 15 വയസ്സുകാരൻ ഗുരുദത്ത് 2023 ജൂലൈയിലും ഇതേ രോഗം ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത അനിവാര്യമാണെന്നു ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു.
രോഗകാരണങ്ങൾ
∙ അമീബ വിഭാഗത്തിൽ പെടുന്ന നേഗ്ലെറിയ ഫൗലേറി എന്ന രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്കജ്വരം) ഉണ്ടാകുന്നത്. തലച്ചോറിലെ കോശങ്ങളെ അമീബ തിന്നു നശിപ്പിക്കുന്നതിലൂടെ വരുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന മസ്തിഷ്കജ്വരമാണു മാരകമാവുന്നത്.
നീർച്ചാലിലോ കുളത്തിലോ കുളിക്കുമ്പോൾ രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെയും ചെവിയിലൂടെയും ശരീരത്തിൽ പ്രവേശിക്കാം.
ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞ് അഞ്ചു മുതൽ 12 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നു. സാധാരണ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കിൽ അസുഖം പെട്ടെന്നു മൂർച്ഛിക്കാനും ലക്ഷണങ്ങൾ തീവ്രമാകാനും മരണത്തിനു കാരണമാകാനും ഇടയുണ്ട്.
മൂക്കിൽ നിന്നു നേരിട്ടു തലച്ചോറിലേക്കു പോകുന്ന നാഡികൾ വഴിയാണ് അമീബ തലച്ചോറിൽ എത്തുന്നത്.
രോഗ ലക്ഷണങ്ങൾ
∙ പനി, തലവേദന, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് അപസ്മാരം, ബോധക്ഷയം, പരസ്പര ബന്ധമില്ലാത്ത സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.
ലക്ഷണങ്ങൾ ഉള്ളവർ കുളത്തിലോ മറ്റു ജലാശയങ്ങളിലോ അടുത്തകാലത്തു കുളിക്കുകയോ വെള്ളം മൂക്കിൽ കയറുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതു ഡോക്ടറുടെ ശ്രദ്ധയിൽപെടുത്തണം.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
വൃത്തിയില്ലാത്ത കുളങ്ങൾ, ജലാശയങ്ങൾ, വെള്ളം കെട്ടിക്കിടക്കുന്ന പാറയിടുക്കുകൾ, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുഖം കഴുകുകയോ ചെയ്യരുത്. നീന്തുമ്പോൾ വെള്ളം മൂക്കിലൂടെ അകത്തേക്കു കടക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണം.
നോസ് പ്ലഗുകൾ ഉപയോഗിക്കുകയും മൂക്കിലൂടെ വെള്ളം കടക്കാത്ത രീതിയിൽ തല ഉയർത്തിപ്പിടിക്കുകയോ ചെയ്യുക.
നീന്തൽ പരിശീലന കേന്ദ്രങ്ങളിലെ നീന്തൽക്കുളങ്ങൾ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പ്രകാരം ക്ലോറിനേറ്റ് ചെയ്തിട്ടുള്ളതാണെന്ന് ഉറപ്പുവരുത്തുക. വാട്ടർ തീം പാർക്കുകൾ, ബയോ റിസർവുകൾ തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കണം.
ആചാര അനുഷ്ഠാനങ്ങളിൽ ഏർപ്പെടുന്നവരും പരമ്പരാഗത ചികിത്സാ രീതികളുമായി ബന്ധപ്പെട്ടും മൂക്കിലും മറ്റും വെള്ളം കയറാനിടയാക്കുന്ന പ്രവൃത്തികൾ രോഗം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുമെന്നതിനാൽ അതീവശ്രദ്ധ പുലർത്തുക. വീടുകളിലെയും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെയും ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

