പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കുന്നതിൽ ഇന്ത്യ തങ്ങളുടെ സ്വാധീനം പ്രയോജനപ്പെടുത്തണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ അഭ്യർത്ഥിച്ചു. വിവിധ കക്ഷികളുമായി ഇന്ത്യ പുലർത്തുന്ന അനുകൂലമായ ബന്ധം ഇതിനായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
സംഘർഷം വീണ്ടും രൂക്ഷമാകുന്നതിലുള്ള ആശങ്ക വ്യക്തമാക്കിയ നരേന്ദ്ര മോദി, ചരക്ക് കപ്പലുകൾക്കും സാധാരണ ജനങ്ങൾക്കും എതിരെയുള്ള ഏതുവിധത്തിലുള്ള ആക്രമണങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്ന് ഇറാൻ പ്രസിഡന്റിനെ അറിയിച്ചു. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻും തമ്മിൽ കൂടിക്കാഴ്ച നടന്നത്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ ആരംഭിച്ചതിന് ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ വിഭാഗങ്ങളുമായി ഇന്ത്യയ്ക്ക് മികച്ച ബന്ധമുണ്ടെന്ന് മസൂദ് പെസഷ്കിയൻ എടുത്തുപറഞ്ഞു.
ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധമാണ് ഇതിലൂടെ ഇറാൻ സൂചിപ്പിച്ചത്. ഈ സ്വാധീനം മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഉപയോഗിക്കണമെന്നും ഇന്ത്യയുടെ ഭാഗത്തുനിന്ന് സജീവമായ ശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. എന്നാൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സമാധാനം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് താങ്കളെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും മോദി മസൂദ് പെസഷ്കിയനോട് പറഞ്ഞു. കൂടാതെ, ചാബഹാർ തുറമുഖം സംബന്ധിച്ച കാര്യങ്ങളും ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതവും ചർച്ചയിൽ വിഷയമായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നും അറിയിച്ചു. വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് പശ്ചിമേഷ്യൻ വിഷയം ചർച്ചയാകുന്നത് എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

