ചേർത്തല താലൂക്കിലെ തൈക്കാട്ടുശേരി പഞ്ചായത്തിലെ മണപ്പുറം ജംങ്ഷന് സമീപം വേമ്പനാട്ടുകായൽ തീരത്തുനിന്ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ചെമ്മനാകിരിയിലേക്ക് സർവീസ് നടത്തുന്ന ജങ്കാറുകളിൽ യാത്രാബാരവും സുരക്ഷാപ്രശ്നങ്ങളും രൂക്ഷമാകുന്നു. ചേർത്തല–അരൂക്കുറ്റി റൂട്ടിലുള്ള ഈ ജലഗതാഗത മാർഗ്ഗം ഇരു ജില്ലകളിലെയും ജനങ്ങളെ ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
ചെമ്മനാകിരിയിലെ ഇൻഡോ-അമേരിക്കൻ ആശുപത്രി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ചേർത്തല ഭാഗത്തുനിന്ന് നിരവധിയാളുകളാണ് ദിവസേന ഈ ജങ്കാർ സർവീസിനെ ആശ്രയിക്കുന്നത്. രാവിലെ 6 മുതൽ രാത്രി 8 വരെയാണ് സർവീസിന്റെ പ്രവർത്തന സമയം.
എന്നാൽ സുരക്ഷിതമായ അളവിലും അധികം ആളുകളെ കുത്തിനിറച്ചാണ് പലപ്പോഴും സർവീസ് നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. സ്ത്രീകളും കുട്ടികളും കൈക്കുഞ്ഞുങ്ങളുമായി കായൽ യാത്ര ചെയ്യേണ്ടി വരുന്നത് ദുരിതപൂർണ്ണമാണ്.
തിരക്കേറിയ സമയങ്ങളിൽ ജങ്കാറിനുള്ളിൽ ഇരിക്കാൻ പോലും ഇടമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. സമീപ പ്രദേശങ്ങളായ മാക്കെകടവ്, നേരെകടവ് എന്നിവിടങ്ങളിലെ ജങ്കാർ സർവീസുകൾ നിലച്ചതോടെയാണ് മണപ്പുറം-ചെമ്മനാകിരി കടത്തുപാതയിൽ യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയത്.
ഒരുകാലത്ത് രണ്ട് ജങ്കാറുകൾ ഉണ്ടായിരുന്ന ഈ റൂട്ടിൽ നിലവിൽ ഒറ്റ ജങ്കാർ മാത്രമാണ് സർവീസ് നടത്തിയത് വരുന്നത്. യാത്രക്കാരുടെ എണ്ണം ഇരട്ടിച്ചിട്ടും അതിനനുസൃതമായി യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അധികൃതർ തയ്യാറാകാത്തത് കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
മാക്കെകടവ്-നേരെകടവ് പാലത്തിന്റെ നിർമാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡ് നിർമാണം അനന്തമായി നീളുന്നതിനാൽ പാലം ഇതുവരെ ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിച്ചിട്ടില്ല. ഈ പ്രതിസന്ധിയാണ് ജങ്കാറിലെ തിരക്ക് വർധിപ്പിച്ചത്.
ഏതു നിമിഷവും വലിയൊരു ദുരന്തത്തിന് കാരണമായേക്കാവുന്ന ഈ സാഹചര്യത്തിൽ യാത്രക്കാരുടെ ജീവനും സുരക്ഷയും മുൻനിർത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

