കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോടികൾ മുടക്കി നിർമിച്ച പുതിയ സർജിക്കൽ ബ്ലോക്കിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉപയോഗയോഗ്യമല്ലെന്ന് വ്യാപക പരാതി. പുറമേ കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടമാണെങ്കിലും അകത്ത് നിർമാണപ്പിഴവുകളുടെ പെരുമഴയാണ്.
കിഫ്ബി ഫണ്ടിൽ നിന്ന് 259 കോടി രൂപ മുടക്കി നിർമിച്ച കെട്ടിടമാണിത്. 7 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ബ്ലോക്കിന്റെ ഭാഗങ്ങൾ തകർന്നുവീഴുന്നതു പതിവായിരിക്കുകയാണ്.
ശുചിമുറികൾ കാണാൻ മികച്ചതാണെങ്കിലും ഒന്നും ഉപയോഗിക്കാനാവാത്ത അവസ്ഥയാണുള്ളത്. ശുചിമുറികളിൽ പലതിലും ഫ്ലഷ് ടാങ്കില്ല, വാതിലുകൾ അടയ്ക്കാനോ കുറ്റിയിടാനോ കഴിയില്ല.
ചിലതിൽ ക്ലോസറ്റിനൊപ്പം ഫ്ലഷ് ടാങ്കിനു പകരം പ്ലാസ്റ്റിക് പൈപ്പ് മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. മറ്റു ചില ശുചിമുറികളിൽ ക്ലോസറ്റേയില്ലെന്നും പരാതി ഉയരുന്നുണ്ട്.
ശുചിമുറികളുടെ വെന്റിലേഷൻ വളരെ ഉയരത്തിലായതിനാൽ ആവശ്യത്തിന് വായുസഞ്ചാരമില്ല. ഇതുമൂലം ദുർഗന്ധവും ശ്വാസംമുട്ടലും അനുഭവപ്പെടുന്നു.
ഇവിടെ എക്സോസ്റ്റ് ഫാനുകളും സ്ഥാപിച്ചിട്ടില്ല. വാതിലുകൾക്ക് ശരിയായ ലോക്കിങ് സംവിധാനവുമില്ല.
കഴിഞ്ഞ ദിവസം റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരി ശുചിമുറിയിൽ പ്രവേശിച്ച സമയത്ത് കോൺക്രീറ്റും ഹോളോബ്രിക്സും അടർന്നുവീണിരുന്നു. കെട്ടിടത്തിന്റെ പുറംമോടിക്കു പിന്നിൽ ഗുരുതര പ്രശ്നങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്.
നിർമാണത്തിലെ അപാകതകൾ സ്വതന്ത്ര സാങ്കേതിക വിദഗ്ധരെക്കൊണ്ട് പരിശോധിച്ച് പരിഹരിക്കണമെന്നും കരാർ വ്യവസ്ഥകളും നിർമാണത്തിന്റെ ഗുണനിലവാരവും പദ്ധതിച്ചെലവും പരിശോധിക്കണമെന്നുമാണ് പൊതുആവശ്യം. ഈ ആരോപണങ്ങളിൽ ബന്ധപ്പെട്ട
അധികൃതരുടെയും നിർമാണ ഏജൻസിയുടെയും വിശദീകരണം സർക്കാരിന് ലഭ്യമായിട്ടില്ലെന്നും അറിയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

