തിരുവനന്തപുരം ജില്ലയിലെ വെട്ടൂർ മേഖലയിൽ വറ്റ മീൻ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നവരുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. 17 വയസ്സുകാരൻ ഉൾപ്പെടെയുള്ള രണ്ടുപേരുടെ ആരോഗ്യനിലയാണ് പുരോഗമിക്കുന്നത്.
വ്യാഴാഴ്ചയാണ് വെട്ടൂർ തീരപ്രദേശങ്ങളിലും വർക്കല നഗരസഭയുടെ അതിർത്തി പ്രദേശങ്ങളിലും മത്സ്യം കഴിച്ചവർക്ക് അസ്വസ്ഥത അനുഭവപ്പെട്ട് തുടങ്ങിയത്. തുടർന്ന് വിവിധ പ്രദേശങ്ങളിലായി ആകെ 25 പേരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
ഇതിൽ സ്ഥിതി ഗുരുതരമെന്ന് കണ്ടെത്തിയ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, വറ്റ മീൻ കഴിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിശദമായ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി. മീനിന്റെ ആന്തരികാവയവങ്ങൾ കഴിച്ചതാണോ പ്രശ്നത്തിന് കാര്യമെന്ന സംശയവും നിലവിലുണ്ട്.
സാധാരണയായി ഒഴിവാക്കാറുള്ള മുട്ട, കുടൽ, തലയുടെ ഭാഗങ്ങൾ തുടങ്ങിയവ കഴിച്ചതുമൂലം അലർജിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ സാധിക്കൂ.
സംഭവത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി തന്നെ വെട്ടൂരിലെ വിവിധ മത്സ്യച്ചന്തകളിൽ പഞ്ചായത്ത് അധികൃതർ അടിയന്തര പരിശോധന നടത്തി. പൊലീസിന്റെ സഹായത്തോടെ വലിയ വറ്റ മീനുകളുടെ വിൽപനയും അധികൃതർ തടഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

