പട്ടാമ്പിക്ക് സമീപം കൂറ്റനാട് കറുകപുത്തൂർ അകിലാണത്തെ ആഴമേറിയ കരിങ്കൽക്വാറിയിലുണ്ടായ അപകടത്തിൽ കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തന്നൂർ വടക്കേക്കര ചാലാച്ചി സ്വദേശി ചോലക്കൽ വീട്ടിൽ അബു താഹിറിന്റെ (40) മൃതദേഹമാണ് ഒരു ദിവസം നീണ്ട
തീവ്രമായ തിരച്ചിലിനൊടുവിൽ പുറത്തെടുത്തത്. വ്യാഴാഴ്ച രാവിലെ 7.30ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
ക്വാറി നികത്തുന്നതിനായി മണ്ണുമായി എത്തിയ ലോറി പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളം നിറഞ്ഞ താഴ്ചയിലേക്ക് മറിയുകയായിരുന്നു. എണ്ണയും ചെളിയും കലർന്ന ആഴമേറിയ വെള്ളത്തിലേക്ക് വാഹനവും ഡ്രൈവറും പൂർണ്ണമായി താഴുകയായിരുന്നു.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പട്ടാമ്പി മുതൽ തൃശൂർ വരെയുള്ള എട്ട് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ, സ്കൂബ ഡൈവിങ് സംഘം, പൊലീസ്, എമർജൻസി റെസ്ക്യൂ ടീം എന്നിവർക്കൊപ്പം പ്രദേശവാസികളും ചേർന്നാണ് 24 മണിക്കൂർ നീണ്ടുനിന്ന സമാനതകളില്ലാത്ത രക്ഷാദൗത്യം പൂർത്തിയാക്കിയത്.
പട്ടാമ്പി, ഷൊർണൂർ, പെരിന്തൽമണ്ണ, മലപ്പുറം, പാലക്കാട്, കഞ്ചിക്കോട്, തൃശൂർ, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ അണിനിരന്ന ദൗത്യത്തിന് റീജനൽ ഫയർ ഓഫിസർ വി.സിദ്ധകുമാർ നേതൃത്വം നൽകി. ഷൊർണൂർ ഡിവൈഎസ്പി കെ.സി.വിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തുണ്ടായിരുന്നു.
ക്വാറി പ്രവർത്തകരുടെയും പൊലീസിന്റെയും അഭ്യർഥനപ്രകാരം എത്തിയ ഈരാറ്റുപേട്ടയിൽ നിന്നുള്ള എമർജൻസി കേരള സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. വെള്ളത്തിന്റെ അത്രിയേറിയ ആഴവും അടിത്തട്ടിലെ ചെളിയും കാഴ്ച തടസ്സപ്പെടുത്തിയത് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയായി.
വ്യാഴാഴ്ച രാത്രി വൈകിയും ലോറി പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടർന്നു. തുടർന്ന് നാല് ക്രെയിനുകൾ എത്തിച്ച് വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് വാഹനം കരയ്ക്ക് ഉയർത്തിയത്.
എന്നാൽ കാബിനിൽ ഡ്രൈവറെ കണ്ടെത്താനാവാത്തത് ആശങ്ക പരത്തി. തുടർന്ന് ഇന്നലെ രാവിലെ ഏഴോടെ സ്കൂബ ഡൈവിങ് സംഘം നടത്തിയ പരിശോധനയിലാണ് വെള്ളത്തിൽ പകുതി പൊങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വാഹനം കുളത്തിലേക്ക് പതിക്കുന്നതിനിടെ അബു താഹിർ കാബിനിൽ നിന്ന് പുറത്തേക്ക് തെറിച്ചിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചാലിശ്ശേരി പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കറുകപുത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. പിതാവ്: കുഞ്ഞാറമു, മാതാവ്: ബീവി, ഭാര്യ: ജിൻസി, മക്കൾ: അൻഹ ഫാത്തിമ, മുഹമ്മദ് ഹൈസിൻ, ഹേസ ഫാത്തിമ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

