ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുന എക്സ്പ്രസ്വേയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 9 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഈ ദാരുണമായ സംഭവം ഉണ്ടായത്. മുപ്പതിലേറെ യാത്രക്കാരുമായി സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിനാണ് പെട്ടെന്ന് തീപിടിച്ചത്.
എന്നാൽ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഡൽഹിയിൽനിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് യാത്ര തിരിച്ച ബസിലാണ് ഈ അപകടം സംഭവിച്ചത്.
അപകടം നടക്കുമ്പോൾ വാഹനത്തിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാരും ഗാഢനിദ്രയിലായിരുന്നു. പെട്ടെന്ന് തീ പടർന്നത് കണ്ട് പരിഭ്രാന്തരായ പല യാത്രക്കാരും ബസിന്റെ ജനലുകൾ തകർത്ത് പുറത്തേക്ക് ചാടിയാണ് ജീവൻ രക്ഷിച്ചത്.
എക്സ്പ്രസ്വേയുടെ വശത്തേക്ക് ഒതുക്കി നിർത്തിയ വാഹത്തിലേക്ക് തീ വളരെ വേഗത്തിൽ ആളിപ്പടരുകയായിരുന്നു. സംഭവമറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനാ വിഭാഗവും പോലീസും സത്വരം സ്ഥലത്തെത്തി ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിട്ടുണ്ട്.

