സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഉത്തരവാദ ഭരണ പ്രക്ഷോഭകാരികൾക്കു നേരെ നെയ്യാറ്റിൻകരയിൽ ബ്രിട്ടിഷ് പട്ടാളം നടത്തിയ വെടിവയ്പിന് ഇന്നേക്ക് 88 വർഷം പൂർത്തിയാകുന്നു. 1938 ഓഗസ്റ്റ് 31ന് ആയിരുന്നു ഏഴു പേരുടെ മരണത്തിനും 23 പേർക്ക് ഗുരുതര പരുക്കേൽക്കാനും ഇടയാക്കിയ ഈ ചരിത്രസംഭവം നടന്നത്.
കല്ലുവിള പൊടിയൻ, അത്താഴമംഗലം രാഘവൻ, നടൂർകൊല്ല കുട്ടൻപിള്ള, വാറുവിളാകത്തു മുത്തൻപിള്ള, പത്മനാഭപിള്ള, മരുതത്തൂർ വാസുദേവൻ, കഞ്ചാംപഴിഞ്ഞി കുട്ടപ്പൻ നായർ എന്നിവരായിരുന്നു ഈ പ്രക്ഷോഭത്തിൽ രക്തസാക്ഷികളായത്. സംഭവം നടന്ന ബസ് സ്റ്റാൻഡ് ജംക്ഷനിൽ ഇന്ന് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
നെയ്യാറ്റിൻകര കിഴക്കെ തെരുവിൽ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റായിരുന്ന എൻ.കെ.പത്മനാഭപിള്ളയെ ജില്ലാ പൊലീസ് സൂപ്രണ്ട് കെ.രാമൻപിള്ള അറസ്റ്റ് ചെയ്യാൻ എത്തിയതോടെ പ്രവർത്തകർ ക്ഷുഭിതരായി.
എതിർപ്പും പ്രതിഷേധവും വകവയ്ക്കാതെ ജില്ലാ പൊലീസ് മേധാവി കിഴക്കെ തെരുവിലെ വീട്ടിൽ നിന്ന് പത്മനാഭപിള്ളയെ കസ്റ്റഡിയിലെടുത്തു വാഹനത്തിൽ കയറ്റി തലസ്ഥാനത്തേക്കു പുറപ്പെട്ടു. വാഹനത്തിനു പിന്നാലെ പ്രവർത്തകരും പാഞ്ഞു.
രാജപാതയിലെ (ദേശീയപാത) ടിബി ജംക്ഷനിൽ എത്തിയപ്പോൾ സഹപ്രവർത്തകൻ വാസുദേവൻപിള്ളയെ കാണാൻ വാഹനം നിർത്തണമെന്നു പത്മനാഭപിള്ള ആവശ്യപ്പെട്ടു. വാഹനത്തിൽനിന്നു പത്മനാഭപിള്ളയെ പുറത്തിറക്കി വാസുദേവൻപിള്ളയുടെ വീട്ടിലേക്കു കൊണ്ടുപോയി.
പിന്നാലെ എത്തിയ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനത്തെ അഗ്നിക്കിരയാക്കി. വെടിവയ്പിലേക്കു നയിക്കാൻ ഇടയാക്കിയ പ്രധാന കാരണം ഇതായിരുന്നു.
പത്മനാഭപിള്ളയെ പിന്നീട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിലാണു തിരുവനന്തപുരത്തേക്കു പൊലീസ് കൊണ്ടുപോയത്. അരിശം തീരാത്ത കോൺഗ്രസ് പ്രവർത്തകർ നാഗർകോവിലിൽനിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന ട്രാൻസ്പോർട്ട് ബസിൽനിന്നു യാത്രക്കാരെ ഇറക്കിവിട്ട് ബസിനും തീ കൊളുത്തി.
അതേ തുടർന്നായിരുന്നു ജനറൽ വാട്കീസിന്റെ നേതൃത്വത്തിൽ കുതിരപ്പട്ടാളത്തിന്റെ വരവും പ്രക്ഷോഭകാരികൾക്കു നേരെ ഉണ്ടായ വെടിവയ്പും. പിറ്റേന്നു പുറത്തിറങ്ങിയ പത്രത്തിന്റെ പ്രധാന തലക്കെട്ട് ‘നെയ്യാറ്റിൻകരയിലെ അതിഭയങ്കര സംഭവങ്ങൾ’ എന്നതായിരുന്നു.
ആ വാർത്ത പ്രസിദ്ധീകരിച്ചതിന് അന്ന് വലിയ വില നൽകേണ്ടിവന്നു. അന്ന് ദിവാൻ സി.പി.രാമസ്വാമി അയ്യർ പത്രത്തിൽ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ കോട്ടയത്തെ ഓഫിസ് പൂട്ടി സീൽ വയ്പിച്ചു.
പിന്നീട്, സ്വാതന്ത്ര്യലബ്ധിക്കു ശേഷമാണു പ്രസ്തുത പത്രം വീണ്ടും പ്രസിദ്ധീകരണം തുടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

