പ്രകൃതിക്ഷോഭത്തിന്റെ ഭീതിദമായ മുഹൂർത്തങ്ങൾ പിന്നിട്ട് നേപ്പാളിലെ പ്രളയത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മലയാളി സംഘത്തിലെ കാസർകോട് സ്വദേശികൾ മടിച്ചെത്തി.
36 അംഗ മലയാളി സംഘമാണ് കനത്ത ആശങ്ക സൃഷ്ടിച്ച ദിവസങ്ങൾക്ക് ശേഷം സുരക്ഷിതമായി സ്വന്തം നാടണഞ്ഞത്. ഗോരഖ്പുർ വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ച വൈകിട്ടോടെയാണ് സംഘം മടക്കയാത്ര ആരംഭിച്ചത്.
ബെംഗളൂരുവിൽ വിമാനമിറങ്ങിയ ശേഷം ട്രെയിൻ മാർഗമാണ് ഇവർ കാഞ്ഞങ്ങാട്ടെത്തിയത്. പെരിയ പോളിടെക്നിക്കിലെ അധ്യാപകനും ചെറുവത്തൂർ സ്വദേശിയുമായ രാജൻ, അധ്യാപകൻ അനിൽ നീലാംബരി, റിട്ട.
എസ്ഐ പ്രദീപ് കുമാർ, റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ കരുണാകരൻ, മുഴക്കോത്തെ രാജീവൻ എന്നിവരാണ് ഞായറാഴ്ച രാവിലെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത്.
കഴിഞ്ഞ മാസം 23-നാണ് എറണാകുളത്തു നിന്നു ട്രാവൽ ഏജൻസി വഴി 36 പേർ നേപ്പാളിലേക്ക് വിനോദയാത്ര പുറപ്പെട്ടത്. വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം 25-ന് കാഠ്മണ്ഡുവിൽ എത്തിയ സംഘം അവിടെ തങ്ങുകയായിരുന്നു.
തുടർന്ന് കാഠ്മണ്ഡുവിൽ നിന്ന് പൊഖാരയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. യാത്രാവേളയിലെ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ച് സംഘം അനുഭവങ്ങൾ പങ്കുവെച്ചു.
“സത്യം പറഞ്ഞാൽ പ്ലാനിൽ ഇല്ലാത്ത 30 മിനിറ്റ് ആണ് ജീവൻ രക്ഷിച്ചത്. കാഠ്മണ്ഡുവിനു തൊട്ടടുത്ത് ഒരു ബുദ്ധ ക്ഷേത്രം ഉണ്ടായിരുന്നു.
ടൂർ പ്ലാനിൽ ഇല്ലെങ്കിലും അവിടെ ഒന്നു കയറാമെന്നു ഡ്രൈവർ പറഞ്ഞു. അവിടെയെത്തിയപ്പോൾ സമാധാനപരമായ അന്തരീക്ഷം.
അങ്ങനെ 30 മിനിറ്റ് അവിടെ ചെലവഴിച്ചു. പിന്നീടാണ് ആ 30 മിനിറ്റിനു ജീവന്റെ വിലയുണ്ടെന്നു മനസ്സിലായത്” എന്ന് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ വ്യക്തമാക്കി.
“നമുക്കു മുൻപിൽ പോയ വാഹനങ്ങളെക്കുറിച്ചു വിവരമില്ല. ഒരിക്കലും മറക്കാൻ കഴിയാത്ത യാത്രയായിരുന്നു ഇത്.
നദിയിൽ വെള്ളം കയറിയപ്പോൾ ഇതൊക്കെ സാധാരണമാണെന്നാണു പ്രദേശവാസികൾ പറഞ്ഞത്. പക്ഷേ, നിമിഷങ്ങൾക്കുള്ളിൽ അതു ഭീകരമായ അവസ്ഥയായി മാറി.
കൺമുന്നിലൂടെ വാഹനങ്ങളും കെട്ടിട അവശിഷ്ടങ്ങളും ഒഴുകുന്നു.
എന്തു ചെയ്യണം എന്നറിയാതെ പകച്ചുപോയി. ഫോണിൽ പലർക്കും റേഞ്ചും കിട്ടിയില്ല.
പിന്നീടു വിഡിയോ കണ്ടപ്പോഴാണു പ്രളയത്തിന്റെ വ്യാപ്തി എത്രയാണെന്നു മനസ്സിലായത്” എന്നും യാത്രികർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

