യുവതിയുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ സഹായിച്ച 19കാരനെ പ്രതികളുടെ കൂട്ടാളിയായി തെറ്റിദ്ധരിച്ച് പൊലീസ് മാനസികമായി പീഡിപ്പിച്ചതായി കുടുംബത്തിന്റെ പരാതി. കല്ലേറ്റുംകര സ്വദേശി വഴക്കൻ ജോയിയുടെയും സരിതയുടെയും മകനായ പയസിനാണ് ഈ ദുരനുഭവമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ കൂട്ടാളിയെന്ന വ്യാജേന പയസിന്റെ ചിത്രം വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിച്ചെന്ന് കാണിച്ച് കുടുംബം റൂറൽ പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. എന്നാൽ അന്വേഷണ നടപടികളുടെ ഭാഗമായുള്ള വിവരശേഖരണവും ഫോട്ടോ വെരിഫിക്കേഷനും മാത്രമാണ് നടന്നതെന്നും കുടുംബത്തിന്റെ പരാതിയിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്നും റൂറൽ പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെ കല്ലേറ്റുംകരയിലെ ഒരു ഹോട്ടലിലുണ്ടായ സംഘർഷത്തെ തുടർന്നാണ് ഈ സംഭവവികാസങ്ങൾ അരങ്ങേറിയത്. ഓൺലൈൻ ഫുഡ് ഡെലിവറി ജോലി ചെയ്യുന്ന മൂന്ന് യുവാക്കൾ ഇവിടെ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു.
ഈ സമയത്ത് ക്രിമിനൽ കേസുകളിൽ പ്രതികളായ ബെഞ്ചമിൻ, സനീഷ് എന്നിവരടക്കം മൂന്നുപേരുമായി ഇവർക്കിടയിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. തുടർന്ന് മഠത്തിക്കര തറയിലക്കാട് തയ്യിൽ നികിനെ (31) കത്തിയുപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ആളൂർ-ചാലക്കുടി റോഡിൽ വെച്ച് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിയുകയായിരുന്നു.
ഈ അപകടത്തിൽ പ്രതികൾക്കും പരുക്കേറ്റിരുന്നു. ഈ സമയം അതുവഴിയേ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പയസ്, അപകടത്തിൽ പരുക്കേറ്റവരെ ആംബുലൻസിൽ കയറ്റിവിടാൻ സുമനസ്സോടെ മുന്നോട്ടുവന്നു.
ആംബുലൻസ് ഡ്രൈവർ സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പയസും വാഹനത്തിൽ ഒപ്പം കയറുകയായിരുന്നു. ഇവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ ആളൂർ പൊലീസ് സ്ഥലത്തെത്തിച്ചേർന്നു.
“ഇവരുടെ കൂട്ടത്തിലുള്ള ആളല്ലേ നീ” എന്ന ചോദ്യത്തോടെയാണ് പൊലീസ് പയസിനോട് വിവരങ്ങൾ തേടിയത്. കത്തിക്കുത്തിൽ പരുക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഘത്തിൽ മൂന്ന് പേരുണ്ടായിരുന്നു എന്ന് മനസ്സിലാക്കിയ പൊലീസ്, മൂന്നാമൻ പയസ് ആണെന്ന് തെറ്റിദ്ധരിച്ച് അവന്റെ ഫോൺ ബലമായി പിടിച്ചെടുത്ത് പരിശോധിക്കുകയാണുണ്ടായത്.
ഒരു മണിക്കൂറിലേറെ സമയം അവനെ ആശുപത്രിക്ക് ഉള്ളിൽ പിടിച്ചുനിർത്തി. ആംബുലൻസ് ഡ്രൈവർ നേരിട്ട് കാര്യങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടും പൊലീസ് അവനെ വിട്ടയക്കാൻ തയ്യാറായില്ല.
മാത്രമല്ല, അവന്റെ മൊബൈലിൽ നിന്ന് ചിത്രം പകർത്തി പലർക്കും അയച്ചു നൽകിയെന്നും പയസ് വെളിപ്പെടുത്തി. ആംബുലൻസിൽ കയറുന്ന സമയത്ത് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ഒപ്പം പോവുകയാണെന്ന് പയസ് തന്റെ അമ്മയെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു.
എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും മകനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ആശങ്കയിലായ അമ്മ സരിത നേരിട്ട് ആളൂർ സ്റ്റേഷനിൽ എത്തി വിവരം അന്വേഷിച്ചു. സ്റ്റേഷനിലെ എസ്.എച്ച്.ഒ എത്തുന്നതു വരെ കാത്തുനിൽക്കാനായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മറുപടി.
പിന്നീട് ആശുപത്രിയിൽ ചെന്ന് അന്വേഷിക്കാനും അവർ നിർദ്ദേശിച്ചു. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് മകൻ തിരിച്ച് വിളിച്ചതെന്ന് സരിത മാധ്യമങ്ങളോട് വ്യക്തമാക്കി.
തന്റെ മകന്റെ ഫോട്ടോ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് വീടിന് സമീപത്തുള്ള ഓട്ടോറിക്ഷ ഡ്രൈവറാണ് ആദ്യം തനിക്ക് കാണിച്ചു തന്നതെന്ന് സരിത പറയുന്നു. മകൻ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ചിത്രങ്ങൾ നമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിവരം കുടുംബം അറിയുന്നത് തന്നെ.
ആശുപത്രിയിൽ വെച്ച് പൊലീസുകാരിൽ ഒരാൾ തന്റെ ചിത്രം രഹസ്യമായി എടുത്തുവെന്ന് മകൻ തന്നോട് പറഞ്ഞിരുന്നുവെന്നും സരിത കൂട്ടിച്ചേർത്തു. നിലവിൽ കടുത്ത മാനസിക വിഷമത്തിലൂടെയാണ് കുടുംബം കടന്നുപോകുന്നത്.
പൊലീസ് തിരയുന്ന പ്രധാന പ്രതികളിൽ ഒരാളെന്ന രീതിയിലാണ് മകന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സരിത ആവശ്യപ്പെട്ടു.
അതേസമയം, കല്ലേറ്റുംകരയിലുണ്ടായ സംഘർഷത്തിന് തിരികൊളുത്തിയത് വളരെ നിസ്സാരമായ ഒരു കാര്യമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. നടന്നുപോകുന്നതിനിടയിൽ ദേഹത്തു തട്ടിയെന്ന തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.
മഠത്തിക്കര ഇളംതോളി കിരൺ ബാബു (29), തറയിലക്കാട് തയ്യിൽ നികിൻ (31), പുല്ലൂർ ആനുരുളി കുന്നത്തുപറമ്പിൽ അബിറാം (27) എന്നിവർ ഓൺലൈൻ ഫുഡ് ഡെലിവറി ജോലികൾക്ക് ശേഷം ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച് പുറത്തേക്ക് ഇറങ്ങുന്നതിനിടയിലാണ് ഈ സംഭവം നടന്നത്. ഹോട്ടലിലേക്ക് അകത്തേക്ക് കയറിവരികയായിരുന്ന മൂന്നുപേരിൽ ഒരാളുമായി നികിൻ യാദൃശ്ചികമായി കൂട്ടിമുട്ടി.
ഇതിന്റെ പേരിൽ ആരംഭിച്ച ചെറിയ വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. മുഖ്യപ്രതികളായ ചാലക്കുടി പോട്ട
മേലാപ്പുറത്തു ബെഞ്ചമിൻ (24), ആളൂർ സ്വദേശി സനീഷ് (25) എന്നിവർ ചേർന്ന് മൂവരെയും ക്രൂരമായി ആക്രമിക്കുകയും നികിന്റെ കവിളിലും നെറ്റിയിലും കത്തിയുപയോഗിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയുമായിരുന്നു. നികിന്റെ നെറ്റിയിൽ മാത്രം 10 തുന്നലുകളുണ്ട്.
പ്രതികൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ബൈക്ക് അപകടത്തിൽ പ്രതികളുടെ കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റതായും പൊലീസ് അറിയിച്ചു.
പ്രതികൾ ഇതിനുമുമ്പും നിരവധി ലഹരിക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. കൂടാതെ സനീഷിനെതിരെ പോക്സോ കേസും നിലവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

