മുൻകാലങ്ങളിൽ ഭീകരാക്രമണങ്ങൾക്കായി ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ പുറത്തുവിട്ട അതീവ രഹസ്യ രേഖകളിൽ വെളിപ്പെടുത്തൽ.
ലോകത്തെ നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് ഒസാമ ബിൻ ലാദനുമായി ബന്ധപ്പെട്ട എഴുപതിലധികം ഇന്റലിജൻസ് റിപ്പോർട്ടുകൾ സിഐഎ പരസ്യമാക്കിയത്.
വാഷിങ്ടണിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരമാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. 1998 ഓഗസ്റ്റ് 28ലെ ഒരു ഔദ്യോഗിക രേഖയിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ആക്രമണം നടത്താൻ ബിൻ ലാദൻ ആഗ്രഹിച്ചിരുന്നതായി പരാമർശമുള്ളത്.
ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളും അൽ ഖായിദയുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. ‘ബിൻ ലാദൻ ഭീകര ശൃംഖല ഇപ്പോഴും ഒരു ഭീഷണി’ എന്ന തലക്കെട്ടിലുള്ള ഈ രേഖകളിൽ, സുരക്ഷാ കാരണങ്ങളാൽ വിവരങ്ങളുടെ ഉറവിടം വ്യക്തമാക്കുന്ന ഭാഗങ്ങൾ അധികൃതർ നീക്കം ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ എവിടെയാണ് ആക്രമണം നടത്താൻ പദ്ധതിയിട്ടതെന്നോ കൃത്യമായ തീയതിയോ മറ്റ് സുപ്രധാന വിവരങ്ങളോ ഈ രേഖകളിൽ പരാമർശിക്കുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

