കൊല്ലം ജില്ലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കള്ളനോട്ട് കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതിയെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് കൈമാറി. വെസ്റ്റ് കൈക്കുളങ്ങര വാടി കല്ലേലിവയൽ പുരയിടത്തിൽ സിബിയോണിനെ (37) ആണ് അഞ്ച് ദിവസത്തേക്ക് ജില്ലാ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്.
കൊല്ലം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഹൈക്കോടതിയിൽ പ്രതി നൽകിയിരിക്കുന്ന ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ 23ന് രാത്രിയാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. സിബിയോണിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററും 500 രൂപയുടെ നോട്ട് അച്ചടിക്കാനായി മുറിച്ച പേപ്പർകെട്ടുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ഇതിനുപുറമെ 45 പവൻ സ്വർണാഭരണങ്ങളും 4.32 ലക്ഷം രൂപയും സ്വർണ വാച്ച് ഉൾപ്പെടെയുള്ള വിലകൂടിയ ആഡംബര വാച്ചുകളും ഇവിടെനിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളുടെ ഉടമസ്ഥതയിലുള്ളതും മത്സ്യബന്ധനസാമഗ്രികൾ സൂക്ഷിക്കുന്നതുമായ ലോക്കറിൽ നിന്നും 22.480 കിലോഗ്രാം തമിംഗിലദഹനശിഷ്ടം (ആംബർഗ്രിസ്) കണ്ടെടുത്തു.
പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ അനുമതിയോടെ വിദഗ്ധ പരിശോധനയ്ക്കായി ഇത് ചെന്നൈയിലെ വനംവകുപ്പിന്റെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഈ സംഭവങ്ങൾക്ക് തൊട്ടുമുമ്പ്, കഴിഞ്ഞ 17ന് സിബിയോണിനെ ആശ്രാമം ഭാഗത്തുനിന്നു തട്ടിക്കൊണ്ടുപോയതായി കാണിച്ച് ഇയാളുടെ ഭാര്യ പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഫോൺ ചെയ്തു വീട്ടിൽനിന്നു വിളിച്ചിറക്കിയ മയ്യനാട് കൂട്ടിക്കട സ്വദേശി ആദർശ് അറസ്റ്റിലാവുകയും ചെയ്തു.
എന്നാൽ പിറ്റേന്നു സ്റ്റേഷനിലെത്തിയ സിബിയോൺ, തട്ടിക്കൊണ്ടുപോയ സംഘത്തിൽനിന്നു രക്ഷപ്പെട്ടെന്നും അവർ തട്ടിയെടുത്ത സ്കൂട്ടറും സ്വർണ മോതിരവും തിരികെ ലഭിച്ചെന്നും പൊലീസിനു മൊഴി നൽകുകയായിരുന്നു. പ്രതിയുടെ പെരുമാറ്റത്തിലും മൊഴിയിലും പന്തികേട് തോന്നിയ സ്പെഷൽ ബ്രാഞ്ച് സംഘം വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ സ്പെഷൽ ബ്രാഞ്ച്, ഡാൻസാഫ് സംഘങ്ങളുടെ കർശന നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബർ 23ന് രാത്രി പൊലീസ് പ്രതിയുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തിയത്.
അതേസമയം, സിബിയോണിനെ തട്ടിക്കൊണ്ടുപോയ കേസിൽ പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായ ആദർശ് ബാബുവിനെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റ് പ്രതികളുടെ വിവരങ്ങൾ ശേഖരിച്ചതായും കള്ളപ്പണ ഇടപാടിന്റെ സാധ്യതകൾ ഉൾപ്പെടെ സമഗ്രമായി അന്വേഷിച്ചു വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

