സംസ്ഥാന പ്ലാനിങ് ബോർഡിൽ വനിതാ അംഗത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് വനിത ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ കത്ത് നൽകി.
കേരള സംസ്ഥാന പ്ലാനിങ് ബോർഡിലെ 5 അംഗങ്ങളും പുരുഷന്മാരാണ്. അതിനാൽ നയരൂപീകരണത്തിലും പദ്ധതി ആസൂത്രണത്തിലും ഉന്നതമായ പങ്കുവഹിക്കുന്ന പ്ലാനിങ് ബോർഡിൽ വനിത അംഗം ആവശ്യമാണ്.
വിഷയം അടിയന്തരമായി പരിഗണിച്ച് വനിത അംഗത്തെ നിയമിക്കണമെന്നും കത്തിലൂടെ മന്ത്രി ആവശ്യപ്പെട്ടു. ഇതുകൂടാതെ വിവിധ കോർപ്പറേഷനുകളും ബോർഡുകളും പുനഃസംഘടിപ്പിക്കുമ്പോൾ വനിതകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തേണ്ടതുണ്ട്.
പുതുയുഗ കേരള നിർമ്മിതിയിലും വികസന പ്രവർത്തനങ്ങളിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ പൂർണ്ണരൂപം: “സംസ്ഥാനത്തിന്റെ സമഗ്രവും തുല്യതാപൂർവ്വവുമായ വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേരള സംസ്ഥാന പ്ലാനിങ് ബോർഡിന്റെ നിലവിലെ ഘടനയുമായി ബന്ധപ്പെട്ട
ഒരു പ്രധാന വിഷയം അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. നിലവിൽ സംസ്ഥാന പ്ലാനിങ് ബോർഡിൽ ആകെ അഞ്ച് അംഗങ്ങളാണുള്ളത്.
എന്നാൽ, ഈ അഞ്ച് അംഗങ്ങളും പുരുഷന്മാരാണ്. ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും ഏറെ മുൻഗണന നൽകുന്ന നമ്മുടെ സംസ്ഥാനത്ത്, നയരൂപീകരണത്തിലും പദ്ധതി ആസൂത്രണത്തിലും ഉന്നതമായ പങ്കുവഹിക്കുന്ന പ്ലാനിങ് ബോർഡ് പോലൊരു സ്ഥാപനത്തിൽ ഒരു വനിതാ അംഗത്തിന്റെ അഭാവം നിലനിൽക്കുന്നുണ്ട് എന്നത് വിനയപുരസരം ചൂണ്ടിക്കാണിക്കട്ടെ.
പുതുയുഗ കേരള നിർമ്മിതിയിലും വികസന പ്രവർത്തനങ്ങളിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സാമ്പത്തിക, സാമൂഹിക, ലിംഗനീതിപരമായ കാഴ്ചപ്പാടുകൾ കൂടി പ്ലാനിങ് ബോർഡിന്റെ തീരുമാനങ്ങളിൽ ഉൾപ്പെടുത്തുന്നതിന് ഒരു വനിതാ അംഗത്തിന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.
അതുകൊണ്ടുതന്നെ, ഈ വിഷയം അടിയന്തരമായി പരിഗണിച്ച്, കേരള സംസ്ഥാന പ്ലാനിങ് ബോർഡിൽ യോഗ്യയായ ഒരു വനിതാ അംഗത്തെക്കൂടി എത്രയും പെട്ടെന്ന് നിയമിക്കണമെന്നും, വിവിധ കോർപ്പറേഷനനുകളും ബോർഡുകളും പുനഃസംഘടിപ്പിക്കുമ്പോൾ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

