പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതി കൊല്ലപ്പെട്ട
സംഭവം കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് പൊലീസിന്റെ പ്രഥമിക നിഗമനം. കൊല്ലം കുളത്തൂപ്പുഴ സാംനഗർ കാഞ്ഞിരോടുകുന്ന് ദിൻഷ മൻസിലിൽ ഷാജി – ഷീജ ദമ്പതികളുടെ മകൾ എസ്.
ദിൻഷ (20) ആണ് സുഹൃത്തിന്റെ കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദിൻഷയുടെ സുഹൃത്തായ കോഴഞ്ചേരി കീഴുകര സ്വദേശി ജിത്തു സജിയെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയും കൊല്ലപ്പെട്ട യുവതിയും തമ്മിൽ മാസങ്ങളായി പരിചയത്തിലായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ജിത്തു ജീവനക്കാരനായിരുന്ന ഹോട്ടലിനോടു ചേർന്ന് ദിൻഷ ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയതോടെയാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. ദിൻഷ ഉപയോഗിക്കുന്ന ഫോണിലെ സിം കാർഡ് വാങ്ങി നൽകിയതും ജിത്തു ആയിരുന്നു.
തുടർന്ന് മാരാമൺ റിസോർട്ടിൽ ജോലി ലഭിച്ചതിനെ തുടർന്ന് ദിൻഷ താമസം സ്റ്റാഫ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയിരുന്നു. ഇതേ റിസോർട്ടിൽ ഇന്നലെ ഉച്ചയോടെയാണ് കൊലപാതകം അരങ്ങേറിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ റിസോർട്ടിലെത്തിയ ജിത്തു, റിസപ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ദിൻഷയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് റിസോർട്ടിന്റെ പാർക്കിങ് സ്ഥലത്തെ ആൽത്തറയ്ക്കു സമീപം നിന്നു ഇരുവരും ഏകദേശം 20 മിനിറ്റോളം സംസാരിച്ചു.
സംഭാഷണത്തിനിടയിൽ ദേഷ്യത്തോടെ ജിത്തു ദിൻഷയോട് കയർത്തു സംസാരിച്ചിരുന്നതായി സഹപ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടയിൽ പാന്റിന്റെ പോക്കറ്റിൽ കരുതിയിരുന്ന ചെറിയ കത്തിയെടുത്ത് ദിൻഷയുടെ കഴുത്തിൽ കുത്തുകയായിരുന്നു.
ആദ്യ കുത്തേറ്റു നിലത്തുവീണ ദിൻഷയുടെ കഴുത്തിൽ പിന്നീട് അഞ്ച് തവണ കൂടി പ്രതി കുത്തിയതായി പൊലീസ് അറിയിച്ചു. റിസപ്ഷന് സമീപമുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഓടിയെത്തിയപ്പോഴേക്കും ആക്രമണം നടന്നിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദിൻഷയെ ഉടൻതന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും പ്രതി ജിത്തു ആൽത്തറയിൽ തന്നെ ഇരിക്കുകയായിരുന്നു.
മറ്റു ജീവനക്കാർ ചേർന്ന് ഇയാളെ പിടികൂടി കെട്ടിയിടുകയായിരുന്നു. ദിൻഷയും ജിത്തുവും തമ്മിൽ സംസാരിക്കുന്നതും ആക്രമണം നടക്കുന്നതുമെല്ലാം റിസോർട്ടിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
ആക്രമണശേഷവും പ്രതിക്ക് യാതൊരുവിധ കുറ്റബോധവും ഉണ്ടായിരുന്നില്ലെന്നും മുഖത്ത് പകമാത്രമാണുണ്ടായിരുന്നതെന്നും ദൃക്സാക്ഷികൾ പറയുന്നു. പൊലീസെത്തി കസ്റ്റഡിയിൽ എടുത്തപ്പോഴും ജിത്തു കടുത്ത ദേഷ്യത്തിലായിരുന്നു.
തുടർന്ന് കോയിപ്രം പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇയാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കി. തിരുവല്ല ഡിവൈഎസ്പി പി.ആർ.സന്തോഷ്, മല്ലപ്പള്ളി സിഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
ദിൻഷയുമായി പ്രണയത്തിലായിരുന്നുവെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ദിൻഷ മറ്റു സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചതു സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
ഈ മാസം 11-ാം തീയതിയാണ് ദിൻഷ മാരാമണ്ണിലെ റിസോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

