കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി ആവശ്യപ്പെട്ടു. തിരുവനന്തപുരം– ഗുരുവായൂർ ഇന്റർസിറ്റി, തിരുവനന്തപുരം– മംഗളൂരു മാവേലി എക്സ്പ്രസ്, കൊച്ചുവേളി– മൈസൂരു എക്സ്പ്രസ്, തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി എന്നിവയ്ക്ക് സ്റ്റോപ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.
സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും അടിയന്തരമായി മേൽക്കൂര നിർമ്മിക്കണമെന്നും മതിയായ വെളിച്ചം ഉറപ്പാക്കാൻ കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി. രാത്രികാലങ്ങളിൽ പ്ലാറ്റ്ഫോമുകളിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് നിവേദനം നൽകാൻ ഒരുങ്ങുകയാണ് സംഘടന.
സ്റ്റേഷന് മുന്നിൽ ഓൺലൈൻ ടാക്സികൾക്കായി പാർക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. ഇവിടെയെത്തുന്ന വാഹനങ്ങൾക്ക് യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക സൗകര്യം ഒരുക്കണം.
കൂടാതെ, ടെക്നോപാർക്കിന്റെ വിവിധ ഫേസുകളെ (1, 2, 3, 4) റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ചുകൊണ്ട് ട്രെയിൻ സമയക്രമത്തിനനുസരിച്ച് ഷട്ടിൽ ബസ് സർവീസ് ആരംഭിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
നിലവിൽ ഒരു ഓട്ടോയിൽ യാത്ര ചെയ്യുന്ന മൂവരിൽ നിന്നും വെവ്വേറെ നിരക്ക് ഈടാക്കുന്നുവെന്ന ഗുരുതര പരാതിയുണ്ട്. പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡ് ഇല്ലാത്തതിനാൽ യാത്രക്കാരിൽ നിന്ന് തോന്നിയതുപോലെ പണം ഈടാക്കുന്ന സാഹചര്യം ഒഴിവാക്കാൻ പൊലീസ് ഇടപെടേണ്ടി വരുന്ന അവസ്ഥയാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

