മഞ്ചേശ്വരം ∙ മണ്ഡലത്തിലെ മനോഹരമായ കടൽതീരങ്ങളെ കോർത്തിണക്കി വിനോദസഞ്ചാര മേഖലയിൽ വൻ വികസനത്തിനൊരുങ്ങി അധികൃതർ. തീരദേശത്തെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കുന്നതിനായി വലിയ തോതിലുള്ള റോഡ് നവീകരണ പദ്ധതികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
മണ്ഡലത്തിലെ വിനോദസഞ്ചാര സാധ്യതകൾക്ക് കരുത്തുപകരാൻ 4 കോടി 30 ലക്ഷം രൂപയുടെ ബൃഹദ് പദ്ധതിക്കാണ് ടെൻഡർ നടപടികൾ പൂർത്തിയായത്. എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ച് മുട്ടം, ബേരിക്ക, പെരിങ്കടി, മണിമുണ്ട, മൂസോഡി എന്നീ തീരദേശ റോഡുകളാണ് നവീകരിക്കുന്നത്.
കടുത്ത കടലാക്രമണം മൂലം തകർന്ന പെരിങ്കടി തീരറോഡിനു പകരം സമാന്തരമായി പുതിയ യാത്രാമാർഗം ഒരുക്കാനുള്ള നീക്കത്തിലാണ് അധികൃതർ.
മുൻപ് ജിയോ ബാഗുകൾ ഉപയോഗിച്ച് സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും റോഡ് പൂർണമായും കടലെടുക്കുകയായിരുന്നു. നിലവിൽ ഹാർബർ വകുപ്പിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, മണിമുണ്ടവരെ നീളുന്ന സമാന്തരമായ പുതിയ റോഡ് നിർമിച്ച് യാത്രാക്ലേശം പരിഹരിക്കാനാണ് ആലോചന.
സഞ്ചാരികൾക്ക് സുഗമമായി എത്തുന്നതിനായി 87 ലക്ഷം രൂപ ചെലവിൽ ഹൊസബെട്ടു ബീച്ചിലേക്കുള്ള റോഡ് പൂർണമായും നവീകരിച്ചു.
ബന്തിയോട് ബേരിക്ക ബീച്ചിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും വരുംഘട്ടങ്ങളിൽ പദ്ധതികളുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കണ്വതീർഥയിൽ മുൻപ് കടലാക്രമണത്തിൽ കെട്ടിടങ്ങൾ നഷ്ടപ്പെട്ടെങ്കിലും ഇന്നും വൈകുന്നേരങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
സഞ്ചാരികൾക്ക് വിശ്രമിക്കാൻ നിലവിൽ ഇവിടെ ഒരു ഷെഡ് ലഭ്യമാണ്. സുരക്ഷ ഉറപ്പാക്കുന്നതിനായി മഞ്ചേശ്വരം പഞ്ചായത്ത് ഇവിടെ അപകട
മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. തീരദേശ റോഡുകൾ യാഥാർഥ്യമാകുന്നതോടെ മഞ്ചേശ്വരത്തെ ബീച്ചുകൾ വിനോദസഞ്ചാര ഭൂപടത്തിൽ പ്രധാന ഇടംപിടിക്കും.
ഇത് പ്രാദേശിക സാമ്പത്തികരംഗത്തിനും വലിയ ഉണർവേകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

