കൊച്ചിയിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ പാർവതി മായ ഷാജിക്കെതിരെ കൂടുതൽ പേർ നിയമനടപടിയുമായി രംഗത്ത്. ആംസ്റ്റർ ഓവർസീസ് സിഇഒ ആയ പാർവതിക്കെതിരെ പരാതിയുമായി 20 പേരാണ് ഇന്നലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയത്.
അതേസമയം, കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ വിചാരണ കോടതി ഇന്ന് പരിഗണിക്കും. തട്ടിയെടുത്ത പണം തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളാണ് സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്.
വിസ തട്ടിപ്പിലൂടെ സമാഹരിച്ച കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൊച്ചി പൊലീസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റി (ഇഡി) ന് ഇന്ന് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കും. ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ വലിയ തോതിലുള്ള വിദേശ പണമിടപാടുകൾ നടന്നതായി പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
2023 മുതൽ പ്രതിക്കെതിരെ ലഭിച്ച പരാതികളും പണമിടപാടുകളുടെ വിശദാംശങ്ങളും ഉൾക്കൊള്ളുന്നതാണ് ഇഡിക്ക് കൈമാറുന്ന റിപ്പോർട്ട്. ഈ വിഷയത്തിൽ ഇഡി നേരത്തെ തന്നെ പ്രാഥമിക വിവര ശേഖരണം നടത്തിയിരുന്നു.
അർമേനിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് പാർവതി മായക്കെതിരെയുള്ള പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരി 10, ഓഗസ്റ്റ് 22 എന്നീ തീയതികളിൽ രണ്ട് എഫ്ഐആറുകളാണ് പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്.
അർമേനിയയിൽ ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് 2023-ൽ പരാതിക്കാരിയുടെ ഭർത്താവിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ആദ്യ എഫ്ഐആറിലുള്ളത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.
ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ രജിസ്റ്റർ ചെയ്ത ഈ കേസിൽ രണ്ടാം പ്രതിയാണ് പാർവതി. അനീഷ് മേനോൻ, അഭിജിത്ത്, അജു കെ മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
രണ്ടാമത്തെ എഫ്ഐആർ പ്രകാരം, പോളണ്ടിൽ വെയർഹൗസ് ജോലി വാഗ്ദാനം ചെയ്ത് 2023 മുതൽ 2025 വരെയുള്ള കാലയളവിൽ 4,96,000 രൂപയും വിമാന ടിക്കറ്റിനായി 1,10,000 രൂപയും ഉൾപ്പെടെ ആകെ 6,06,000 രൂപയാണ് തട്ടിയെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസിന് സമാനമായി വിമാനത്താവളങ്ങളിൽ വിവരങ്ങൾ കൈമാറിയിരുന്നു.
തുടർന്ന് കഴിഞ്ഞ 24ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. പ്രൊട്ടക്ടർ ഓഫ് ഇമിഗ്രേഷന്റെ ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
നിലവിൽ രണ്ട് എഫ്ഐആറുകൾക്ക് പുറമെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ പങ്കാളിയായ അനീഷ് മേനോൻ ഉൾപ്പെടെയുള്ളവർക്കായി ഉടൻ തന്നെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

