അതീവ രൂക്ഷമായ വേനൽച്ചൂടിൽ നിന്ന് ആശ്വാസം കണ്ടെത്താൻ പഴവർഗങ്ങളെയും ജ്യൂസുകളെയും ആശ്രയിച്ച് ജനങ്ങൾ. കൽപറ്റയിലെ വിപണിയിൽ ഫ്രൂട്ട്സ് ഷോപ്പുകളിലും ജ്യൂസ് കടകളിലും മികച്ച രീതിയിലുള്ള കച്ചവടമാണ് നടന്നു കൊണ്ടിരിക്കുന്നത്.
വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ഓറഞ്ചിനാണ്. നാഗ്പൂരിൽ നിന്നെത്തുന്ന ചെറിയ ഓറഞ്ചുകൾക്കാണ് ജനങ്ങൾക്കിടയിൽ കൂടുതൽ പ്രിയമുള്ളത്.
കിലോയ്ക്ക് 100 രൂപ മാത്രമാണ് ഇതിന്റെ വില. വലുപ്പം ചെറുതായതിനാൽ ഒരു കിലോയിൽ 8 മുതൽ 10 ഓറഞ്ചുകൾ വരെ ലഭിക്കുന്നുണ്ട്.
ഇത് കൂടാതെ വലുപ്പം കൂടിയ മറ്റ് ഓറഞ്ച് ഇനങ്ങൾക്കും ആവശ്യക്കാരുണ്ട്. ആപ്പിളാണ് വിപണിയിൽ ജനപ്രീതിയിൽ രണ്ടാമതുള്ളത്.
ഹിമാചൽ പ്രദേശ് ആപ്പിളിന് നിലവിൽ കിലോയ്ക്ക് 180 രൂപയാണ് വില. വേനൽക്കാലത്ത് ആരോഗ്യവും ഉന്മേഷവും നിലനിർത്താൻ ലക്ഷ്യമിട്ട് നിരവധി പേരാണ് ആപ്പിൾ വാങ്ങാനെത്തുന്നത്.
കടുത്ത ചൂടിനെ തുടർന്ന് തണ്ണിമത്തനും മികച്ച വിറ്റുവരവാണ് ലഭിക്കുന്നത്. ഒരു കിലോയ്ക്ക് 35 രൂപയാണ് നിരക്ക്.
സീസൺ അല്ലാത്തത് കൊണ്ട് വിലയിൽ വർധനവുണ്ടെങ്കിലും സാധാരണക്കാർക്ക് എളുപ്പത്തിൽ വാങ്ങാൻ സാധിക്കുന്നതിനാൽ കച്ചവടത്തിന് കുറവില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. മുന്തിരി, വാഴപ്പഴം, മാമ്പഴം, ഡ്രാഗൺ ഫ്രൂട്ട് എന്നിവയ്ക്കും വിപണിയിൽ നല്ല രീതിയിലുള്ള ഡിമാൻഡുണ്ട്.
പഴങ്ങൾ മാസത്തിലൊരിക്കൽ വാങ്ങിയിരുന്ന പഴയ രീതി മാറി, ദിവസേന എന്തെങ്കിലും പഴം വാങ്ങുന്ന ശീലത്തിലേക്ക് ഉപഭോക്താക്കൾ മാറിയിട്ടുണ്ട്. കടുത്ത ചൂട് കൂടിയായതോടെ ഈ പ്രവണത കൂടുതൽ ശക്തമായത് വ്യാപാരികൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
കോഴിക്കോട് നിന്നാണ് പല ചെറുകിട വ്യാപാരികളും വയനാട്ടേക്ക് പഴവർഗങ്ങൾ എത്തിക്കുന്നത്.
അതിനാൽ ഇവിടങ്ങളിൽ പഴങ്ങൾക്ക് അഞ്ചോ പത്തോ രൂപ കൂടുതലായി ഈടാക്കുന്നുണ്ട്. പകൽ സമയത്തെ കടുത്ത വെയിലും ചൂടും കാരണം വൈകുന്നേരങ്ങളിലാണ് വിപണിയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
നാരങ്ങാവെള്ളത്തിന് വൻ ഡിമാൻഡ്
വേനൽ കടുത്തതോടെ ജില്ലയിലെ ജ്യൂസ് വിപണിയും സജീവമായിരിക്കുകയാണ്. സാധാരണക്കാരുടെ ഇഷ്ട
പാനീയമായ നാരങ്ങാവെള്ളത്തിനാണ് വിപണിയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ളത്. സാധാരണ നാരങ്ങാവെള്ളം, സോഡ നാരങ്ങ, വിവിധ തരം സർബത്തുകൾ എന്നിവയ്ക്കൊപ്പം തണ്ണിമത്തൻ ജ്യൂസുകളും വ്യാപകമായി വിറ്റുപോകുന്നുണ്ട്.
അവിൽ മിൽക്ക്, ഷാർജ ഷേക്ക് തുടങ്ങിയവയുടെ കച്ചവടം സാധാരണ നിലയിൽ തുടരുന്നു. പഞ്ചസാരയുടെയും വൈദ്യുതി നിരക്കിന്റെയും വർധന വ്യാപാരികൾക്ക് തിരിച്ചടിയാകുന്നുണ്ടെങ്കിലും, വേനൽക്കാലം നൽകുന്ന വിപണിയിലെ ഉണർവ് തങ്ങൾക്ക് വലിയ ആശ്വാസമാണെന്ന് വ്യാപാരികൾ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

