പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ശതാഭിഷേക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഡിപ്പോകളിൽ സാരി വിതരണം ചെയ്യുമെന്ന നിലയിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ ഡോ. പി.എസ് പ്രമോജ് ശങ്കർ ഔദ്യോഗികമായി അറിയിച്ചു.
പദ്ധതിയുടെ നൂറാം ദിനാഘോഷങ്ങളുടെ ഭാഗമായി നാളെ (22-09-2026) രാവിലെ 10 മണിക്ക് ഗതാഗത മന്ത്രി സി.പി ജോൺ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ സന്ദർശനം നടത്തും. ഇതിന്റെ തുടർച്ചയായി യാത്രക്കാർക്ക് ജീവനക്കാർ മധുരം വിതരണം ചെയ്യും.
അന്ന് വൈകുന്നേരം 7.30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ വെച്ച് സംഘടിപ്പിക്കുന്ന ഔദ്യോഗിക ചടങ്ങിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിക്കുന്നതാണ്. കൂടാതെ, ബജറ്റ് ടൂറിസം സെല്ലിനായി പുതുതായി തയ്യാറാക്കിയ സോഫ്റ്റ്വെയറിന്റെയും വെയിറ്റിങ് ലിസ്റ്റ് സംവിധാനത്തിന്റെയും ഔദ്യോഗിക പ്രകാശനവും മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കും.
ഈ പുതിയ സോഫ്റ്റ്വെയർ യാഥാർത്ഥ്യമാകുന്നതോടെ യാത്രക്കാർക്ക് ബജറ്റ് ടൂറിസം പാക്കേജുകളുടെ ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാകും. ഇന്ത്യൻ റെയിൽവേയുടെ മാതൃകയിൽ കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിൽ വെയിറ്റിങ് ലിസ്റ്റ് ഏർപ്പെടുത്തുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത.
ആഘോഷച്ചടങ്ങിന്റെ ഭാഗമായി ലക്ഷദ്വീപിലേക്കുള്ള പ്രഥമ യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാരെയും, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തന മികവ് പുലർത്തിയ ജീവനക്കാരെയും യൂണിറ്റുകളെയും മന്ത്രി ആദരിക്കുമെന്ന് സി.എം.ഡി വ്യക്തമാക്കി.
തമ്പാനൂർ വാർഡ് കൗൺസിലർ ആർ. ഹരികുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

