പാലക്കാട് ജില്ലയിലെ വാളയാർ കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയോടു ചേർന്നുള്ള ജനവാസമേഖലയിൽ പുലിയിറങ്ങി കാളയെ കൊന്നുതിന്നു. കുരുടിക്കാട് നരകംപുള്ളി ചേമ്പൊറ്റയിലാണു പ്രദേശവാസികളെ മുഴുവൻ ഭീതിയിലാഴ്ത്തിയ സംഭവം ഉണ്ടായത്.
കൊളയക്കോട് സ്വദേശി അനിൽകുമാർന്റെ ഉടമസ്ഥതയിലുള്ള ഒന്നരവയസ്സുള്ള കാളയെയാണു പുലി പിടികൂടി ഭക്ഷിച്ചത്. കോച്ച് ഫാക്ടറിക്ക് ഏറ്റെടുത്ത ഭൂമിക്കു സമീപം പുൽക്കാട്ടിൽ മേയാൻവിട്ട
കാളയെ തിങ്കളാഴ്ച ഉച്ചയോടെയാണ് കാണാതാവുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്താനായില്ലെങ്കിലും, ചൊവ്വാഴ്ച രാത്രിയോടെ പകുതിയിലേറെ ഭക്ഷിച്ച നിലയിൽ കാളയുടെ ജഡം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.
വനംവകുപ്പ് സംഘം ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. കാളയെ അമ്പതടിയോളം പുൽക്കാട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയെന്നും കണ്ടെത്തിയിട്ടുണ്ട്.
തുടർ പരിശോധനയിൽ വ്യക്തമായ കാൽപാടുകൾ ലഭിച്ചില്ലെങ്കിലും, കാളയെ പിടികൂടിയ രീതിയും ഭക്ഷിച്ച രീതിയും പുലിയുടേതാണെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയോടെ സീനിയർ സെക്ഷൻ ഫോറസ്റ്റർ കെ.കെ.മരുതിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം വീണ്ടും സ്ഥലത്തെത്തി പരിശോധന നടത്തി.
ബുധനാഴ്ച രാത്രി പുലി വീണ്ടുമെത്തി ജഡത്തിന്റെ കൂടുതൽ ഭാഗങ്ങൾ ഭക്ഷിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. പുലിയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രദേശത്ത് ഉടൻ തന്നെ കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞമാസം വാളയാർ ആറ്റുപ്പതിയിൽ രണ്ട് ആടുകളെ പുലി കടിച്ചുകൊന്നിരുന്നു. കൂടാതെ, മൂന്ന് മാസം മുൻപ് കഞ്ചിക്കോട് പയറ്റുകാട് ജനവാസ മേഖലയിലിറങ്ങിയ പുലി വീടിനു മുന്നിലെ തൊഴുത്തിൽ കെട്ടിയ കന്നുകാലികളെയും വളർത്തുനായ്ക്കളെയും കൊലപ്പെടുത്തിയിരുന്നു.
വന്യമൃഗശല്യം: ശാശ്വത പരിഹാരം വേണമെന്ന് കോൺഗ്രസ് ആനയും പുലിയുൾപ്പെടെയുള്ള വന്യജീവികളുടെ നിരന്തരമായ ആക്രമണം പുതുശ്ശേരിയിലെ ജനജീവിതം ദുഃസഹമാക്കുകയാണെന്നും, പ്രതിരോധ മാർഗങ്ങൾ ഊർജിതമാക്കി വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദർശിച്ചവരുടെ കൂട്ടത്തിൽ വാർഡ് മെംബർ പ്രജിത കണ്ണൻ, മുൻ മെംബർ പാലാഴി ഉദയകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ എന്നിവരുണ്ടായിരുന്നു.
വനംവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും വിഷയത്തിൽ ഔദ്യോഗികമായി നിവേദനം നൽകിയിട്ടുണ്ടെന്നു പാലാഴി ഉദയകുമാർ അറിയിച്ചു. ഉടൻ കൂട് സ്ഥാപിക്കണം: കർഷകസംഘം കാലാകാലങ്ങളായി നെൽക്കൃഷി ചെയ്തിരുന്ന പല കൃഷിയിടങ്ങളും നിലവിൽ സ്വകാര്യ വ്യക്തികൾ തരിശുഭൂമിയാക്കിയിരിക്കുകയാണെന്നും, ഇതിലെ അടിക്കാടുകൾ അടിയന്തരമായി വെട്ടിമാറ്റി വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്ന വിധത്തിലാക്കണമെന്നും കർഷകസംഘം ജില്ലാ ട്രഷറർ എസ്.സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെട്ടു.
ചേമ്പൊറ്റയിൽ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏരിയ പ്രസിഡന്റ് കെ.ആർ.സുരേഷ്കുമാർ, ട്രഷറർ എസ്.മനോജ്, സിപിഎം ഏരിയ കമ്മിറ്റിയംഗം എസ്.സുഭാഷ്, ലോക്കൽ സെക്രട്ടറി സി.പ്രശാന്ത് എന്നിവരും സ്ഥലം സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.
സ്ഥിരമായി കാട്ടാനശല്യം രൂക്ഷമായി നിലനിൽക്കുന്ന പുതുശ്ശേരിയിൽ പുലിയുടെ തുടർച്ചയായ സാന്നിധ്യം ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പുതുശ്ശേരി പഞ്ചായത്തിലെ വേനോലി മുതൽ വാളയാർ നടുപ്പതി വരെയുള്ള മേഖലകളിൽ കാട്ടാനശല്യം അതിരൂക്ഷമാണ്.
ഏക്കർ കണക്കിനു കൃഷിയാണ് കാട്ടാനക്കൂട്ടവും ഒറ്റയാനും ചേർന്ന് ഇതിനോടകം നശിപ്പിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

