എരുമേലി എയ്ഞ്ചൽവാലി പൊങ്ങന്താനത്ത് ആശങ്ക പരത്തി വീടിനുള്ളിൽ രാജവെമ്പാലയുടെ സാന്നിധ്യം. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
ഡൈനിങ് ഹാളിലെ നിലത്തുവച്ചിരുന്ന ഹെൽമെറ്റിനു സമീപം ബെൽറ്റ് കിടക്കുന്നതുകണ്ട് എടുക്കാൻ കുനിഞ്ഞ ബാബു (വർഗീസ് തോമസ്) ഒരു നിമിഷം പകച്ച് പിന്നോട്ടുപോയി. ചുരണ്ടുകിടന്ന കൂറ്റൻ രാജവെമ്പാല ചീറ്റി ഉയർന്നുപൊങ്ങുകയായിരുന്നു.
കൂറ്റൻ രാജവെമ്പാലയുടെ പുറം കണ്ടാണ് ബാബു ബെൽറ്റാണെന്ന് തെറ്റിദ്ധരിച്ചത്. ഭയന്ന് പിന്നോട്ടുമാറിയ ബാബു ഉടൻതന്നെ വീട്ടുകാരെ സുരക്ഷിതമായി പുറത്തെത്തിച്ചു.
തുടർന്ന് മുറി അടച്ചശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. മുണ്ടക്കയം വനം വകുപ്പ് ഓഫിസിൽനിന്ന് സ്നേക്ക് ക്യാച്ചേഴ്സ് എത്തിയെങ്കിലും ഇവർ രാജവെമ്പാലയെ കണ്ടതോടെ വണ്ടംപതാൽ ആർആർ ടീമിനെ വിവരമറിയിച്ചു.
അവർ എത്തുമ്പോഴും പാമ്പ് അവിടെത്തന്നെ ചുരുണ്ടുകിടപ്പായിരുന്നു. ആർആർ ടീം പിടികൂടാൻ ശ്രമം തുടങ്ങിയപ്പോഴേക്കും പാമ്പ് അടുത്തുള്ള ശുചിമുറിയിലേക്കു കയറി.
പിന്നീട് പാമ്പ് വീണ്ടും കിടപ്പുമുറിയിലെത്തി. ഒടുവിൽ മേശയുടെ അടിയിൽനിന്നാണ് പാമ്പിനെ പിടികൂടിയത്.
വനത്തിനു സമീപമാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. രാവിലെ മുൻകതക് തുറന്നിട്ട
സമയത്താകാം പാമ്പ് അകത്തേക്ക് കയറിയതെന്ന് കരുതുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരായ വി.വി.
അനിൽകുമാർ, ദീപു, പി. പ്രസന്നൻ, എ.എസ്.
സുധീഷ്, എൻ.കെ. സുഭാഷ് എന്നിവർ ചേർന്നാണ് രാജവെമ്പാലയെ വിജയകരമായി പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

