കൊച്ചിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. ‘മര്യാദയ്ക്ക് നടന്നില്ലെങ്കിൽ ഇനിയും കിട്ടുമെടാ….*&%####’ എന്ന് പറഞ്ഞാണ് നാലംഗ സംഘം വിദ്യാർത്ഥിയെ വളഞ്ഞിട്ട് മർദ്ദിച്ചത്.
ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രതികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട
വിദ്യാർത്ഥികള്ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ മാതാപിതാക്കൾക്കൊപ്പം ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്കൂൾ മാനേജ്മെന്റും അറിയിച്ചു. വിഷയത്തിൽ സ്കൂളിൽ പിടിഎ യോഗം ചേരുന്നുണ്ട്.
ഒരേ സ്കൂളിലെ വിവിധ ഡിവിഷനുകളിൽ പഠിക്കുന്നവരാണ് മർദ്ദനത്തിനിരയായ കുട്ടിയും പ്രതികളും. ഈ മാസം 16ന് സ്കൂളിൽ നടന്ന തർക്കത്തിന്റെ തുടർച്ചയായാണ് തൊട്ടടുത്ത ദിവസം വൈകുന്നേരം നാലരയോടെ സ്കൂളിന് പുറത്തുള്ള ഇടവഴിയിൽ വെച്ച് ആക്രമണം നടന്നത്.
മുൻകൂട്ടി പദ്ധതിയിട്ടാണ് ഇവർ മർദ്ദനവും ചിത്രീകരണവും നടത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് മുമ്പ് സംഘം കുട്ടിയെ ചുറ്റിപ്പറ്റി നിന്ന് പരിഹസിക്കുകയും ആർത്തു ചിരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇതിനിടയിൽ ഒന്നാം പ്രതി കുട്ടിയുടെ ഇടത്തേ കവിളിൽ ആഞ്ഞടിക്കുകയായിരുന്നു. തുടർന്ന് മറ്റുള്ളവരും മർദ്ദനത്തിൽ പങ്കാളികളായി.
മുഖത്തും തലയിലും അടിക്കുകയും ചവിട്ടുകയും ചെയ്ത സംഘം ഇതിനുശേഷവും ആർത്തു ചിരിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എഫ്ഐആറിലും ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദൃശ്യങ്ങൾ പകർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ കൃത്യം നിർവഹിച്ചത്. ഇത് പിന്നീട് ആരെങ്കിലും പുറത്തുവിട്ടതാകാമെന്നാണ് കരുതുന്നത്.
വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് മർദ്ദനമേറ്റ കുട്ടിയുടെ മൊഴിയെടുക്കുകയും പ്രതികളെ തിരിച്ചറിഞ്ഞ് കേസെടുക്കുകയുമായിരുന്നു. പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

