വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജനങ്ങളെ ആശങ്കയിലാഴ്ത്തി പരമ്പര മാലമോഷണം നടത്തിവന്ന പ്രതികൾ ഒടുവിൽ നിയമത്തിന് മുന്നിൽ. തമിഴ്നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെയാണ് പൊലീസ് സംഘം സാഹസികമായി പിടികൂടിയത്.
മധുരൈ സ്വദേശിനികളായ ആലങ്ങാനൂർ കണ്ണകി എന്ന അർച്ചന (രമ്യ-30), തിരുപ്പരകോൺഡ്രം ഈശ്വരി (47) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരിക്കുന്നത്. ജില്ലയുടെ വിവിധ മേഖലകളിൽ സജീവമായിരുന്ന ഈ സംഘം, പ്രായമായവരെ ലക്ഷ്യമിട്ടാണ് കൃത്യങ്ങൾ നടത്തിയിരുന്നത്.
ആളുകളുടെ ശ്രദ്ധ തിരിച്ചുവിട്ട് മാല പൊട്ടിച്ച ശേഷം ഓട്ടോറിക്ഷകളിൽ മാറിമാറി സഞ്ചരിക്കുകയും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരികയുമായിരുന്നു ഇവരുടെ രീതി. പല പേരുകളിൽ വ്യാജ വിലാസങ്ങളിൽ കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളും വാറന്റുകളും ഇവർക്കെതിരെയുണ്ട്.
മീനങ്ങാടി പഞ്ചായത്ത് പരിസരത്തു വെച്ചാണ് ഇവർ പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി എസ്.
ദേവമനോഹർ ഐ.പി.എസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. മാനന്തവാടി എ.എസ്.പി കാർത്തിക്, ഡിവൈ.എസ്.പിമാരായ എം.എം അബ്ദുൾ കരീം, ടി.എ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡുകൾ, ലോഡ്ജുകൾ, ബസുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തിയിരുന്നു.
തിരുനെല്ലി ക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങിനിടയിലും, അമ്പലവയൽ, കമ്പളക്കാട് സ്റ്റേഷൻ പരിധികളിലും സമാനമായ രീതിയിൽ മോഷണങ്ങൾ നടന്നിരുന്നു. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.
മീനങ്ങാടിയിലെ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനായ സുമേഷിന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ ശക്തമായ നിരീക്ഷണമാണ് പ്രതികളെ പിടികൂടാൻ നിർണായകമായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം തിരുനെല്ലി, അമ്പലവയൽ, കമ്പളക്കാട്, ബത്തേരി സ്റ്റേഷൻ പരിധികളിലായി നിരവധി മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇന്നലെ മീനങ്ങാടിയിലെ ‘ഔറ കളക്ഷൻ’ ഫാൻസി കടയിൽ നിന്നും ഇവർ സാധനങ്ങൾ മോഷ്ടിച്ചതായും പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.
പിടിയിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും, ഒളിവിലുള്ള മറ്റുള്ളവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

